തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഇന്നലെ രാത്രി പെയ്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശനഷ്ടമാണുണ്ടായത്. മരം വീണ് നെല്ലിയാമ്പതിയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാദ്ധ്യതകൾ എന്നിവ കണക്കിലെടുത്ത് അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിലുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച വയനാട് ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴയായിരുന്നു. തവിഞ്ഞാൽ, തൊണ്ടർനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത മഴ പെയ്തു. വൈത്തിരി,ചൂരൽമല, പുത്തുമല പ്രദേശങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായത്.
തവിഞ്ഞാൽ, പൊഴുതന, മുട്ടിൽ, തരിയോട്, മേപ്പാടി പഞ്ചായത്തുകളിൽ അധികൃതർ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുകയാണെങ്കിൽ അപകട സാദ്ധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചിരിക്കുകയാണ്. ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചിരിക്കുകയാണ്.
കനത്ത മഴയിൽ കോഴിക്കോട്ട് നിർത്തിയിട്ട കാറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു. മാവൂർ പൈപ്പ് ലൈൻ ജംഗ്ഷന് സമീപം ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് മതിലിടിഞ്ഞ് വീണത്. കാറിനകത്തും സമീപത്തും ആരുമില്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. മലപ്പുറം മുസ്ലിയാരങ്ങാടി സംസ്ഥാന പാതയിൽ മഴയിലും കാറ്റിലും കാറിനു മുകളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന ബദാം മരമാണ് വീണത്. ആർക്കും പരിക്കില്ല. അതേസമയം, കേരള തീരത്ത് കളളക്കടൽ പ്രതിഭാസത്തിന് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യബന്ധനത്തൊഴിലാളികൾക്ക് കർശന ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |