ആലപ്പുഴ : ഈ നെയിം സ്ളിപ്പ് സ്കാൻ ചെയ്താൽ കുട്ടിയുടെ എല്ലാ വിവരങ്ങളും കാണാം. നോട്ട്ബുക്കിൽ ഇത് ഒട്ടിച്ചുവയ്ക്കാം. അങ്കണവാടി വിദ്യാർത്ഥിയായ രണ്ടരവയസുകാരി ആത്മികയുടെ സുരക്ഷയ്ക്കായി പിതാവ് അജേഷ് രൂപപ്പെടുത്തിയ ക്യു.ആർ കോഡ് നെയിംസ്ളിപ്പാണിത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കെ, രക്ഷിതാക്കൾക്ക് ആശ്വാസമാകുകയാണ് സ്വകാര്യ സ്ഥാപനത്തിൽ സേഫ്റ്റി ഓഫീസറായ അജേഷ് വികസിപ്പിച്ച സ്മാർട്ട് നെയിംസ്ളിപ്പ്. കുഞ്ഞുങ്ങൾക്കെല്ലാം ഇത് കാവലും കരുതലുമാകുന്നു.
ബുക്കിൽ ഒട്ടിച്ചുവയ്ക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ പ്രായം, അച്ഛനമ്മമാരുടെയും ടീച്ചറിന്റെയും സ്കൂളിന്റെയും പേര്, വിലാസം, ഫോൺനമ്പർ, പൊലീസ് സ്റ്റേഷൻ നമ്പർ തുടങ്ങിയവയെല്ലാം ലഭ്യമാകും. ബ്ളഡ് ഗ്രൂപ്പ്, ജന്നിപോലുള്ള അസുഖങ്ങളുണ്ടെങ്കിൽ രോഗവിവരം, കഴിക്കുന്ന മരുന്നിന്റെയും ആശുപത്രിയുടെയും വിവരങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുത്താനാവും.
സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്ന കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറാനും ഇതുപകരിക്കും. വിദ്യാഭ്യാസവിവരങ്ങളും ജാതകമുൾപ്പെടെയുള്ള മറ്റു വിവരങ്ങളും ക്യൂ.ആർ കോഡിൽ അപ്ഡേറ്റ് ചെയ്യാം.ചേർത്തല പതിനൊന്നാം മൈൽ ഭജനമഠം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പുത്തൻവെളിയിൽ രാജേന്ദ്രൻ- സിന്ധു ദമ്പതികളുടെ മകനാണ് അജേഷ്. ഒപ്റ്റോമെട്രിസ്റ്റായ ആതിരയാണ് ഭാര്യ.
ക്യു.ആർ കോഡ്
കുട്ടികളെ സംബന്ധിച്ച ഡേറ്റ എക്സലിൽ ക്രിയേറ്റ് ചെയ്തശേഷം വെബ് സൈറ്റ് സഹായത്തോടെയാണ് അജേഷ് ക്യു.ആർ കോഡ് നിർമ്മിച്ചത്.
സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ സ്മാർട്ട് നെയിംസ്ളിപ്പുകളെപ്പറ്റി പോസ്റ്റിട്ടതോടെ നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന് ജനസേവന കേന്ദ്രം ഉടമ കൂടിയായ അജേഷ് പറഞ്ഞു.
13 ഇഞ്ച് വീതിയും 19 ഇഞ്ച് നീളവുമുള്ള സ്റ്റിക്കർപേപ്പറിൽ സാധാരണ നെയിംസ്ളിപ്പ് വലിപ്പത്തിൽ ( 4.5 സെ.മീ വീതി, 7.5 സെ.മീ നീളം) 35 സ്മാർട്ട് നെയിംസ്ളിപ്പുകൾ ക്യു.ആർ കോഡടക്കം പ്രിന്റ് ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |