തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാംഫെഡ് മേധാവികൾ അറസ്റ്റിൽ. ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻപിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കവടിയാർ സ്വദേശിയിൽ നിന്ന് 24.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
ഇവർ 250 കോടിയിലേറെ രൂപ പലരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ചെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരാതികൾ വരുന്നുണ്ട്. വൈകാതെ ഇവയിലും കേസ് രജിസ്റ്റർചെയ്ത് നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. കമ്പനിയുടെ ബോർഡ് മെമ്പർമാരായ ധന്യ, ഷൈനി, പ്രിൻസി ഫ്രാൻസിസ്, മഹാവിഷ്ണു എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
കോഴിക്കോട്ടെ സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി എന്ന ഫാംഫെഡ് ഒരു ലക്ഷം രൂപക്ക് മാസം പന്ത്രണ്ടര ശതമാനം പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. നിക്ഷേപകരെ പണവും പലിശയും നൽകാതെ കബളിപ്പിക്കുകയായിരുന്നു. 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ഫാംഫെഡ് എന്ന മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
പിന്നീട് ഓൺലൈൻ മാദ്ധ്യമ സ്ഥാപനം തുടങ്ങിയ ഇവർ സാറ്റലൈറ്റ് ചാനൽ തുടങ്ങാനുള്ള പദ്ധതിയുമായി 49 കോടിയോളം രൂപ മുടക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂരിലും പരിസരപ്രദേശങ്ങളിലുമായി ദേശീയപാത 66ന് ഭൂമി വിട്ടുനൽകി പണം കിട്ടിയവരിൽ നിരവധി ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.
സൊസൈറ്റിയുടെ ഉത്പന്നങ്ങളുടെ പ്രചാരണാർത്ഥം താരങ്ങളെ ഉപയോഗിച്ച് പരസ്യങ്ങൾ ചെയ്തിരുന്നു. ഫാം ഫെഡിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 16 ശാഖകളുണ്ട്. എന്നാൽ കുറേ നാളുകളായി നിക്ഷേപം നടത്തിയവർക്ക് ലാഭ വിഹിതമോ പണമോ തിരികെ ലഭിച്ചിരുന്നില്ല. ശാസ്തമംഗലം ബ്രാഞ്ചിൽ നിക്ഷേപിച്ച തുക കാലാവധികഴിഞ്ഞിട്ടും തിരിച്ചു കിട്ടാത്തതിനെ തുടർന്ന് കവടിയാർ സ്വദേശി എമിൽഡയാണ് പൊലീസിനെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |