പാട്ന: ധാർമ്മിക മൂല്യങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് കുടുംബത്തിൽനിന്നും പാർട്ടിയിൽനിന്നും മകൻ തേജ് പ്രതാപിനെ പുറത്താക്കി ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ്. താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്ന് തേജ് പ്രതാപ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
തേജ് പ്രതാപിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും വ്യക്തി ജീവിതത്തിൽ ധാർമ്മിക മൂല്യങ്ങൾ അവഗണിക്കുന്നത് സാമൂഹിക നീതിക്കായുള്ള പോരാട്ടത്തെ ദുർബലപ്പെടുത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
'മൂത്ത മകന്റെ പ്രവർത്തനങ്ങൾ, നിരുത്തരവാദപരമായ പെരുമാറ്റം എന്നിവ കുടുംബ മൂല്യങ്ങൾക്കും സംസ്‌കാരത്തിനും അനുസൃതമല്ല. അതിനാൽ, അദ്ദേഹത്തെ പാർട്ടിയിൽനിന്നും കുടുംബത്തിൽ നിന്നും പുറത്താക്കുന്നു. ഇനി മുതൽ, അദ്ദേഹത്തിന് പാർട്ടിയിലും കുടുംബത്തിലും ഒരു തരത്തിലുള്ള പങ്കുമുണ്ടായിരിക്കില്ല. വ്യക്തിജീവിതത്തിലെ ഗുണദോഷങ്ങൾ അയാൾക്ക് വേർതിരിച്ച് കാണാനാകും. തേജുമായി ബന്ധമുള്ളവർ വിവേചനാധികാരത്തോടെ തീരുമാനമെടുക്കണമെന്നും ലാലുപ്രസാദ് എക്സിൽ കുറിച്ചു.
തേജ് പ്രതാപിന്റെ സഹോദരനും പാർട്ടി നേതാവുമായ തേജസ്വി, ഇത്തരം വിവാദം സഹിക്കാനാവില്ലെന്ന് പ്രതികരിച്ചു. 'ഞങ്ങൾ ബീഹാറിനായി സമർപ്പിച്ച ജോലിയിലാണ്. സഹോദരനെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും വ്യത്യസ്തമാണ്. അദ്ദേഹത്തിന് വ്യക്തിപരമായ തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ടെന്നും പറഞ്ഞു. മാന്യതയുടെ അതിരുകൾ ലംഘിക്കുന്നവർ സ്വയം വിമർശനത്തിന് പാത്രമാകുന്നുവെന്ന് ലാലുവിന്റെ മകൾ രോഹിണി പ്രതികരിച്ചു.
12 വർഷത്തെ ബന്ധം
കഴിഞ്ഞ ദിവസം തേജ് പ്രതാപ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു യുവതിയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകളാണ് വിവാദമായത്. താൻ മനസു തുറക്കുകയാണെന്നും അനുഷ്‌ക യാദവ് എന്ന യുവതിയുമായി താൻ 12 വർഷമായി അഗാധ പ്രണയത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ''വളരെക്കാലമായി ഇത് നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. ഇന്നീ പോസ്റ്റിലൂടെ എന്റെ ഹൃദയം തുറക്കുകയാണ്. നിങ്ങൾക്ക് മനസിലാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു"- തേജ് പ്രതാപ് കുറിച്ചു.
നടപടി വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച തേജ്, ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന് ആരോപിച്ചു. മറ്റൊരു ബന്ധം നിലനിൽക്കെ 2018ൽ തേജ് പ്രതാപ് ബീഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യയെ വിവാഹം കഴിച്ചത് എന്തിനെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ചോദ്യമുയർന്നു. തേജും ഐശ്വര്യയുമായുള്ള ദാമ്പത്യവും നല്ലതായിരുന്നില്ല. മാസങ്ങൾക്കുള്ളിൽ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയെന്ന് ഐശ്വര്യ ആരോപിച്ചിരുന്നു. അവർക്കെതിരെ തേജും ആരോപണങ്ങളുന്നയിച്ചു. ഇവരുടെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പിയും ജെ.ഡി.യുവും വിവാദം ആളിക്കത്തിക്കുമെന്ന് മനസിലാക്കിയാണ് ലാലു മകനെ പുറത്താക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |