ന്യൂഡൽഹി: എല്ലാ രൂപത്തിലുമുള്ള ഭീകരതയും എതിർക്കപ്പെടേണ്ടതാണെന്ന് ഖത്തർ നേതാക്കൾ ചൂണ്ടിക്കാട്ടിയെന്ന് മുതിർന്ന ബി.ജെ.പി നേതാവ് വി.മുരളീധരൻ പറഞ്ഞു. സർവകക്ഷി സംഘത്തിന്റെ ഭാഗമായ വി.മുരളീധരൻ ദോഹയിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ അൽ സുലൈത്തിറുടെ നേതൃത്വത്തിലുള്ള ഷൂറാ കൗൺസിലുമായി നടത്തിയ ചർച്ചയ്‌ക്കു ശേഷം സംസാരിക്കുകയായിരുന്നു.
ഖത്തർ ഭരണാധികാരികളുമായി ഊഷ്മളവും സൗഹാർദ്ദപരവും, അർത്ഥവത്തുമായ ചർച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പഹൽഗാമിൽ എന്താണ് സംഭവിച്ചതെന്ന് ചർച്ച ചെയ്തു. ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഷൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ പ്രസ്താവിച്ചെന്നും അദ്ദേഹം പറഞ്ഞു.എൻ.സി.പി-എസ്.പി എം.പി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ദോഹയിൽ മിഡിൽ ഈസ്റ്റ് കൗൺസിൽ ഓൺ ഗ്ലോബൽ അഫയേഴ്‌സ് മേധാവിയും കൗൺസിൽ അംഗവുമായ താരിഖ് യൂസഫിനെയും കണ്ടു
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ അചഞ്ചല നിലപാട് ഉയർത്തിക്കാട്ടാൻ ബി.ജെ.പി എംപി ബൈജയന്ത് ജയ് പാണ്ഡയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം കുവൈറ്റിൽ. മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധധൻ ശ്രിംഗ്ലയും സംഘത്തെ അനുഗമിക്കുന്നുണ്ട്. എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെ എന്നിവരടങ്ങുന്ന സംഘം ഇന്നും നാളെയുമായി കുവൈറ്റ് സർക്കാരിലെ മുതിർന്ന വിശിഷ്ട വ്യക്തികൾ, സിവിൽ സമൂഹത്തിലെ പ്രമുഖർ, ചിന്തകർ, മാദ്ധ്യമങ്ങൾ, ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവരുമായി സംവദിക്കും.
ഡോ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം
ന്യൂയോർക്കിലെത്തി. ന്യൂയോർക്കിലെ പ്രമുഖ ബുദ്ധി ജീവികൾ, അക്കാഡമിക് നേതാക്കൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുമായി ചർച്ച നടത്തി. ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ഉറച്ച ദൃഢനിശ്ചയം ഉയർത്തുന്ന തരത്തിലാണ് ചർച്ചകൾ നടന്നതെന്ന് തരൂർ പറഞ്ഞു.
ഡി.എം.കെ എം.പി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം
സ്ലോവേനിയയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |