ന്യൂഡൽഹി: പഹൽഗാമിൽ കൊല്ലപ്പെട്ട വിനോദസഞ്ചാരികളുടെ പങ്കാളികൾ വീരാംഗനമാരെപ്പോലെ ഭീകരരയെ ചെറുത്തിരുന്നെങ്കിൽ മരണ നിരക്ക് കുറഞ്ഞേനെയെന്ന് ഹരിയാനയിൽ നിന്നുള്ള ബി.ജെ.പി എം.പി രാം ചന്ദർ ജംഗ്ര നടത്തിയ പ്രസ്താവന വിവാദത്തിൽ. പഹൽഗാം രക്‌തസാക്ഷികളുടെ വിധവകളെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ രംഗത്തു വന്നു.
അഹല്യഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഹരിയാനയിലെ ഭിവാനിയിൽ നടന്ന റാലിയിലാണ് വിവാദ പ്രസ്‌താവന. പഹൽഗാമിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് ധൈര്യവും വീര്യവും ഇല്ലായിരുന്നു. അതിനാലാണ് അവർ ആക്രമണത്തിന്റെ ഇരകളായത്. കൈകൂപ്പി അപേക്ഷിച്ചതുകൊണ്ട് ആർക്കും രക്ഷപ്പെടാൻ കഴിയില്ല. ഭീകരർ മനസിൽ കരുണയില്ലാത്ത, കൊല്ലാൻ തീരുമാനിച്ച് വന്നവരാണ്. അവരെ വീരാംഗനമാരായി നേരിടണമായിരുന്നു. വിനോദസഞ്ചാരികൾക്ക് അഗ്നിവീർ പരിശീലനം ലഭിച്ചിരുന്നെങ്കിൽ മൂന്ന് ഭീകരർക്ക് 26 പേരെ കൊല്ലാൻ കഴിയുമായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
കേണൽ സോഫിയ ഖുറേഷിക്കെതിരെ മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷാ നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ബി.ജെ.പി പുലുവാലു പിടിച്ചിരിക്കെയാണ് മറ്റൊരു നേതാവിന്റെ വിവാദ പ്രസ്‌താവന. ജാൻഗ്രയുടെ പരാമർശങ്ങളെ ഹരിയാനയിലെ കോൺഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡ അപലപിച്ചു. പഹൽഗാം ആക്രമണത്തിൽ, ഭീകരർ ആ സ്ത്രീകളുടെ ഭർത്താക്കന്മാരെ കൊന്നുകൊണ്ട് ജീവിതം തകർത്തു. ഇപ്പോൾ, ബി.ജെ.പി എംപി അവരുടെ അന്തസ്സിനെ ആക്രമിക്കുകയാണ്. രക്തസാക്ഷികളുടെ കുടുംബങ്ങളെ അപമാനിക്കുന്നത് അവസാനിപ്പിക്കണം.
സ്ത്രീകളെ ബഹുമാനിക്കാതെ അപകീർത്തിപ്പെടുത്തി, ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയമാക്കുന്ന ബി.ജെ.പി ചിന്താഗതിയാണ് പ്രകടമാകുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |