ലോസാഞ്ചലസ് : ലോകത്തെ ഏറ്റവും നീളമേറിയ കാർ ഏതാണെന്ന് അറിയാമോ ? ' ദ അമേരിക്കൻ ഡ്രീം " എന്ന സൂപ്പർ കാർ ആണത്. 1986ൽ നിർമ്മിക്കപ്പെട്ട അമേരിക്കൻ ഡ്രീമിന് 60 അടി നീളമുണ്ടായിരുന്നു. 2022ൽ 100 അടി 1.50 ഇഞ്ച് നീളത്തോടെ സൂപ്പർ ലിമോ അമേരിക്കൻ ഡ്രീമിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. 1986ൽ സ്ഥാപിച്ച സ്വന്തം ഗിന്നസ് റെക്കാഡ് 2022ൽ അമേരിക്കൻ ഡ്രീം തന്നെ ഭേദിക്കുകയും ചെയ്തു. സാധാരണ 12 - 16 അടി വരെയാണ് ഒരു സാധാരണ കാറിന്റെ ശരാശരി നീളം.
കാലിഫോർണിയയിലെ ബർബാങ്കിലെ ജേയ് ഓബെർഗ് എന്ന കാർ കസ്റ്റമൈസറാണ് ആദ്യ അമേരിക്കൻ ഡ്രീമിന്റെ നിർമാതാവ്. 26 ചക്രങ്ങളുണ്ടായിരുന്നു ഈ കൂറ്റൻ കാറിന്. 1976 മോഡൽ കാഡിലാക് എൽഡൊറാഡോയെ ആസ്പദമാക്കിയുള്ള അമേരിക്കൻ ഡ്രീമിനെ ഇരുവശത്ത് നിന്നും ഓടിക്കാൻ കഴിയും. രണ്ടു സെക്ഷനുകളായി നിർമിച്ച ശേഷം ഒരു ഹിഞ്ച് ഉപയോഗിച്ച് മദ്ധ്യത്തിൽ യോജിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
നീളത്തിൽ മാത്രമല്ല, ആഡംബരത്തിലും അമേരിക്കൻ ഡ്രീം ആരെയും ഞെട്ടിക്കും. വാട്ടർബെഡ്, ഡൈവിംഗ് ബോർഡ് അടക്കമുള്ള വലിയ സ്വിമ്മിംഗ് പൂൾ മുതൽ ഹെലിപാഡ് വരെയുണ്ട് അമേരിക്കൻ ഡ്രീമിൽ.!
ആദ്യ അമേരിക്കൻ ഡ്രീം പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടരലക്ഷം ഡോളർ മുടക്കിയാണ് ഈ കാർ മൂന്ന് വർഷം കൊണ്ട് നവീകരിച്ചിരിക്കുന്നത്. മൈക്കൽ മാന്നിംഗ് എന്നയാളുടെ നേതൃത്വത്തിലാണ് അമേരിക്കൻ ഡ്രീമിന്റെ നവീകരണം പൂർത്തിയായത്. കാര്യമിതൊക്കെയാണെങ്കിലും അമേരിക്കൻ ഡ്രീമിനെ റോഡിലേക്കിറക്കാനാകില്ല. ഡെസർലാൻഡ് പാർക് കാർ മ്യൂസിയത്തിലെ ക്ലാസിക് കാറുകളുടെ ശേഖരത്തിൽ ഈ ഗ്ലാമർ താരത്തെ കാണാം. ഒരേസമയം 75 ലേറെ പേർക്ക് ഈ കാറിൽ സഞ്ചരിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |