മുംബയ്: പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷമെത്തിയതോടെ മുംബയ് നഗരം വെള്ളത്തിനടിയിലായി. റോഡുകളും റെയിൽപാതകളും മുങ്ങിയതിനാൽ ഗതാഗതം തടസപ്പെട്ടു. ഇന്ന് ഐ.എം.ഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു. പൊതുജനം ജാഗ്രത പാലിക്കണമെന്ന് മഹാരാഷ്ട്ര ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. ബുധനാഴ്ച വരെ ഇടിയോടു കൂടിയ അതിശക്തമായ മഴും കാറ്റും തുടരും. മഹാരാഷ്ട്രയിലെ റായ്ഗഡിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. അതേസമയം, മഴ 30 വരെ സജീവമായി തുടരാനാണ് സാദ്ധ്യതയുണ്ട്.
ഇന്നലെ താഴ്ന്ന പ്രദേശങ്ങളായ കുർള, സിയോൻ, ദാദർ, പരേൽ എന്നിവിടങ്ങളാണ് വെള്ളത്തിനടിയിലായത്. മുംബയ് നരിമാൻ പോയിന്റിൽ ഇന്നലെ രാവിലെ ആറ് മുതൽ ഏഴുമണി വരെ 40 മില്ലിമീറ്റർ മഴ പെയ്തു. ഗ്രാന്റ് റോഡ് (36 എം.എം), കൊളാബ (21 എം.എം) എന്നിവിടങ്ങളിലും കനത്ത മഴയാണ്. റെയിൽവേ റൺവേയിൽ വെള്ളം കയറിയതോടെ വിമാന സർവീസുകളും താറുമാറായി.
ഇതിനിടെ,107 വർഷത്തെ റെക്കാഡ് മറികടന്നു. ഈ മേയിൽ മാത്രം 295 മില്ലിമീറ്റർ മഴയാണ് മുംബയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്. ഇതിന് മുൻപ് 1918 മേയിലാൻണ് 279.4 മില്ലിമീറ്റർ മഴ ലഭിച്ചത്. അതേസമയം,35 വർഷത്തിനിടെ ആദ്യമായാണ് മൺസൂൺ നേരത്തേ എത്തുന്നതെന്ന് ഐ.എം.ഡി അറിയിച്ചു.
ശനിയാഴ്ച കേരളത്തിൽ എത്തിയതിനു പിന്നാലെ കാലവർഷപാത്തി വടക്കോട്ട് വ്യാപിക്കുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ തമിഴ്നാട്,ആന്ധ്ര സംസ്ഥാനങ്ങളിലും വിവിധയിടങ്ങളിൽ മഴയുണ്ടാകും. തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിലും കാറ്റിലും തെരുവുകൾ വെള്ളത്തിനടിയിലായി. നിരവധി മരങ്ങൾ കടപുഴകി വീണു. 200ഓളം വിമാന സർവീസുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. മോത്തി ബാഗ്,മിന്റോ റോഡ്,ഡൽഹി കന്റോൺമെന്റ്,ദീൻ ദയാൽ ഉപാധ്യായ മാർഗ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. പ്രദേശത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ബംഗളൂരുവിൽ
റെഡ് അലർട്ട്
കർണാടകയിലും മഴ ശക്തമായതോടെ ബംഗളൂരുവിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബംഗളൂരു നഗരത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനിടയിലായി. നഗരത്തിൽ അടുത്ത ഒരാഴ്ച കൂടി മഴ തുടരും. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ കാറ്റിനും സാദ്ധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലയിൽ മംഗളൂരു,നുജിബാൾട്ടിൽ,കഡബ എന്നിവിടങ്ങളിൽ കനത്ത മഴ. ഉള്ളാൾ താലൂക്കിൽ,പാവൂർ ഹരേക്കൽ, ഉള്ളാൾ,അമ്പിളിമൊഗരു,മുന്നൂർ തുടങ്ങിയ ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |