ന്യൂഡൽഹി: സായുധ സേനയും സമ്പദ്‌വ്യവസ്ഥയും ശക്തമാകുമ്പോഴേ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ സുരക്ഷയും സാമ്പത്തിക വളർച്ചയും കൈകോർത്ത് പോകുന്നത് ഉറപ്പാക്കാൻ തന്റെ സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ദാഹോദിൽ 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിഭജനത്തിനുശേഷം പിറന്ന ഒരു രാജ്യം ഇന്ത്യയോട് ശത്രുത വച്ചു പുലർത്തുകയാണെന്ന് പാകിസ്ഥാന്റെ പേരു പറയാതെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയ്‌ക്ക് ദോഷം വരുത്താനാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യ,ദാരിദ്ര്യം ഇല്ലാതാക്കാനും സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും വികസനം കൈവരിക്കാനും പ്രതിജ്ഞാബദ്ധമാണ്.
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന് നിശബ്ദമായിരിക്കാൻ കഴിയുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്ര നേതാവെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം നിറവേറ്റിയെന്നും പതിറ്റാണ്ടുകളായി കാണാത്ത ഒരു സൈനിക നടപടിക്കായി ഇന്ത്യൻ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയെന്നും മോദി കൂട്ടിച്ചേർത്തു.
ദാഹോദിലെ പുണ്യ ഭൂമിയിൽ നിന്ന് ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും അർപ്പണബോധത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
റോഡ് ഷോയിൽ സോഫിയ
ഖുറേഷിയുടെ ബന്ധുക്കളും
ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കാണാൻ ഓപ്പറേഷൻ സിന്ദൂർ ലോകത്തെ അറിയിച്ച വനിതാ ഓഫീസർ കേണൽ സോഫിയ ഖുറേഷിയുടെ കുടുംബവും. പിതാവ് താജ് മുഹമ്മദ് ഖുറേഷി,മാതാവ് ഹാലിമ ഖുറേഷി,ഇരട്ടസഹോദരി ഷൈന സുനേസര, സഹോദരൻ സഞ്ജയ് ഖുറേഷി എന്നിവരാണ് എത്തിയത്. പ്രധാനമന്ത്രി എപ്പോഴും മുന്നിൽ നയിക്കുകയും ഒപ്പമുണ്ടെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്യുന്നത് അഭിമാനകരമാണെന്ന് സഹോദരി ഷൈന പറഞ്ഞു. റോഡ്ഷോയിൽ ധാരാളം സ്ത്രീകൾ പങ്കെടുത്തുവെന്നും അവർ ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി ഭുജിലും റോഡ് ഷോ നടത്തി.
പാകിസ്ഥാൻ ഭീകരതയുടെ
ടൂറിസം വളർത്തുന്നു
പാകിസ്ഥാൻ ഭീകരതയെ ടൂറിസമായി കരുതുന്നുവെന്നും അത് ലോകത്തിന് വലിയ ഭീഷണിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭുജിൽ 53,400 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ആളുകളെ ഒരുമിപ്പിക്കുന്ന ടൂറിസത്തിൽ വിശ്വസിക്കുന്നു. പാകിസ്ഥാൻ ഭീകരതയുടെ ടൂറിസത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |