റായ്പൂർ: ജാർഖണ്ഡിലെ ലത്തേഹാറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാസേന. സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മനീഷ് യാദവ് എന്ന മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ച പുലർച്ചെയാണ് അവസാനിച്ചതെന്ന് പലാമു ഡി.ഐ.ജി രമേഷ് അറിയിച്ചു. തലക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച മറ്റൊരു മാവോയിസ്റ്റ് പ്രവർത്തകനായ കുന്ദൻ ഖേർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മാവോയിസ്റ്റുകൾ മൗഹാദന്ദ് പൊലിസ് സ്റ്റേഷന് കീഴിലുള്ള ദൗനയിലെ വനത്തിൽ മറഞ്ഞിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രണ്ട് ഓട്ടോമാറ്റിക് റൈഫിളുകൾ കണ്ടെടുത്തു. രണ്ട് ദിവസം മുമ്പ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ജാർഖണ്ഡ് ജൻ മുക്തി പരിഷദ് നേതാവ് പപ്പു ലോറ കൊല്ലപ്പെട്ടിരുന്നു.
തുടർച്ചയായ
ഓപ്പറേഷൻ
മേയ് 24ന്, ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് (ജെ.ജെ.എം.പി) ഗ്രൂപ്പിന്റെ തലവനായ പപ്പു ലോഹ്റ ഉൾപ്പെടെ രണ്ട് മാവോയിസ്റ്റുകൾ ജില്ലയിൽ കൊല്ലപ്പെട്ടതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ഓപ്പറേഷൻ നടന്നത്. പത്ത് ലക്ഷം രൂപയാണ് പപ്പു ലോഹ്റയുടെ തലയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മറ്റൊരു മാവോയിസ്റ്റ് നേതാവായ സോണൽ കമാൻഡർ പ്രഭാത് ഗഞ്ച്ഹുലിനെയും ഈ ഓപ്പറേഷനിൽ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് നിന്ന് പൊലീസ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒരു സി.ആർ.പി.എഫ് ഉദ്യോഗസ്ഥന്റെ കൊലപാതകം ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളിലെ പിടികിട്ടാപുള്ളിയാണ് പപ്പു. ഇയാൾ ലതേഹാറിൽ നിരവധി ആളുകളെ കൊലപ്പെടുത്തുകയും ഭൂമി കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്. പ്രഭാത് ഗഞ്ച്ഹു 15 കേസുകളിൽ പൊലീസ് തിരയുന്ന പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |