ധാക്ക: ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അട്ടിമറി നീക്കത്തിന് സൈന്യം പദ്ധതിയിടുന്നതായി അഭ്യൂഹം. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനുള്ള എല്ലാ മാർഗ്ഗങ്ങളും പരിശോധിക്കാൻ സൈനിക മേധാവി ജനറൽ വാക്കർ-ഉസ്-സമൻ തീരുമാനിച്ചതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
യൂനുസ് തിരഞ്ഞെടുപ്പ് നടത്താതെ അധികാരത്തിൽ കടിച്ചുതൂങ്ങുന്നതിനോട് വാക്കറിന് അതൃപ്തിയുണ്ട്. ഡിസംബറിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന് വാക്കർ സർക്കാരിന് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു.
എന്നാൽ യൂനുസ് മൗനം പാലിക്കുന്നത് അംഗീകരിക്കാൻ വാക്കർ തയ്യാറല്ല. ഇടക്കാല സർക്കാരിനെ വെല്ലുവിളിക്കാൻ ഭരണഘടനാപരമായ സാദ്ധ്യതകൾ ഉപയോഗിക്കുന്നത് വാക്കറിന്റെ പരിഗണനയിലുണ്ട്. പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഭരണഘടനയിൽ പറയുന്നതിനാൽ ഇടക്കാല സർക്കാരിന്റെ നിയമപരമായ അടിത്തറ ദുർബലമാണ്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് മേൽ സമ്മർദ്ദം ചെലുത്താം. തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികളെ മുന്നിൽ കൊണ്ടുവരാനും വാക്കറിന് പദ്ധതിയുണ്ട്. മുൻ പ്രധാനമന്ത്റി ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) സർക്കാരിനെതിരെ പ്രതിഷേധവുമായി കഴിഞ്ഞ ആഴ്ച തെരുവിലിറങ്ങിയിരുന്നു. യൂനുസിൽ നിന്ന് അധികാര കൈമാറ്റം സാദ്ധ്യമായില്ലെങ്കിൽ ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ താത്കാലിക നിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
തെരുവിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം
രാജ്യത്തെ ക്രമസമാധാനം നിലനിറുത്തുന്നതിന്റെ ഭാഗമായി സൈന്യം ഇടപെടൽ കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് സൈന്യത്തെ പട്രോളിംഗിന് വിന്യസിച്ചത്.
അത് സൈന്യം ഇപ്പോഴും തുടരുന്നു. സൈന്യവും പൊലീസും ചേർന്ന് ഇതുവരെ 10,000ത്തിലേറെ പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ഇതിൽ 2,188 പേർ കഴിഞ്ഞ മാസം മാത്രം കസ്റ്റഡിയിലായെന്നും പറയുന്നു.
തെരുവുകളിൽ കവചിത വാഹനങ്ങളിൽ സൈന്യം പട്രോളിംഗ് നടത്തുന്നതും സുരക്ഷാ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് അറസ്റ്റ് ഉയരാൻ കാരണം. തലസ്ഥാനമായ ധാക്കയിലടക്കം ജീപ്പിലും ടാങ്കുകളിലുമായി സൈന്യത്തിന്റെ പട്രോളിംഗുണ്ട്.അതേ സമയം, സൈന്യത്തിന്റെ ഇടപെടൽ കൂടുന്നെന്ന് അടുത്തിടെ പരാതി ഉയർന്നിരുന്നു. ഭീഷണികൾ തടയാൻ തങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നാണ് സൈന്യത്തിന്റെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |