SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.59 AM IST

ആത്മഹത്യ ചെയ്യാം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? സ്വയം ഇല്ലാതാകാൻ ശ്രമിച്ച് പരാജയപ്പെട്ട പ്രിയപ്പെട്ടവരുണ്ടോ?​ എങ്കിൽ നിങ്ങൾ ഇത് വായിക്കാതെ പോകരുത്

Increase Font Size Decrease Font Size Print Page
suicide

കടബാധ്യത,​ പ്രണയ നൈരാശ്യം,​ പരീക്ഷകളിലെ തോൽവി എന്നിങ്ങനെയുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ചിലർ ആത്മഹത്യ ചെയ്യുന്നത്. കണക്ക്‌ പ്രകാരം ഓരോ നാൽപത്‌ സെക്കന്റിലും ലോകത്ത്‌ ഒരു ആത്മഹത്യ നടക്കുന്നുണ്ട്. ഇന്ന് സെപ്തംബർ പത്ത് ലോക ആത്മഹത്യ പ്രതിരോധ ദിനം.

ഇപ്പോഴിതാ ആത്മഹത്യ ശ്രമം പരാജയപ്പെട്ട പ്രിയപ്പെട്ടവരുള്ളവർക്കും,​സ്വയം ഇല്ലാതാകാൻ ശ്രമിച്ച അല്ലെങ്കിൽ തോന്നിയവർക്കുമായി ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ഡോ ഷിംന അസീസ്. നിങ്ങൾക്ക്‌ ആത്മഹത്യ ചെയ്യണമെന്ന്‌ തോന്നുന്നെങ്കിൽ അത്‌ വിശ്വാസമുള്ള ഏതെങ്കിലും ഒരാളോട്‌ സൂചിപ്പിക്കൂവെന്ന് ഡോക്ടർ കുറിപ്പിൽ പറയുന്നു. ആത്മഹത്യാശ്രമം സഹായത്തിന്‌ വേണ്ടിയുള്ള ആർത്തുകരച്ചിലാണെന്നും, ആത്മഹത്യാപ്രവണതക്ക്‌ കൃത്യമായ ചികിത്സയുണ്ടെന്നും വിദഗ്‌ധർക്ക്‌ സഹായിക്കാനാകുമെന്നും ഡോക്ടർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണ്ണരൂപം

1) ആത്മഹത്യ ചെയ്‌ത പ്രിയപ്പെട്ടവരുണ്ടോ?

2) ആത്മഹത്യാശ്രമം പരാജയപ്പെട്ട വേണ്ടപ്പെട്ടവരുണ്ടോ/ അവരിൽ ഒരാളാണോ?

3) ആത്മഹത്യ ചെയ്യണമെന്ന്‌ തോന്നാറുണ്ടോ?

4) ആത്മഹത്യ ചെയ്‌തവരെയും ചെയ്യാൻ ശ്രമിച്ചവരെയും ചെയ്യാൻ സാധ്യതയുള്ളവരെയും കുറിച്ച്‌ സംസാരിക്കുമ്പോൾ പുച്‌ഛമോ പരിഹാസമോ കടന്ന്‌ വരാറുണ്ടോ?

2, 3 ബാധകമുള്ള ആളെന്ന നിലയിൽ കൂടിയാണ്‌ ഇതെഴുതുന്നത്‌. മാസങ്ങളായി സമാനപ്രശ്‌നങ്ങൾക്ക്‌ ചികിത്സയിലാണ്‌. "എഴുത്തുകാരല്ലേ, കുറച്ച്‌ വിഷാദമൊക്കെ കാണും" എന്ന്‌ നേരിട്ടും "തിന്നിട്ട്‌ എല്ലിന്റുള്ളിൽ കുത്തുന്നതാണ്‌" എന്ന്‌ പിറകിൽ നിന്നും പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

"ശരിക്കും ചെയ്‌തതാണോ, അതോ വിരട്ടാൻ അഭിനയിച്ചതാണോ?" എന്ന്‌ ചോദിക്കുന്നത്‌ കേട്ട്‌ "ഇവർക്കിപ്പോ ഞാൻ ചാകാത്തതിലാണോ സങ്കടം!" എന്ന്‌ ആലോചിച്ചിട്ടുണ്ട്‌. വിഷാദരോഗമോ ആത്മഹത്യാപ്രവണതയോ തമാശയല്ല. പുറത്ത്‌ കാണിക്കാനുള്ള ലക്ഷണങ്ങളോ വിഷാദത്തിന്റെ തോത്‌ പരിശോധിച്ചറിയാനുള്ള ടെസ്‌റ്റുകളോ ഇല്ലെന്നത്‌ ജീവനുകളെടുക്കുന്ന ഗതി ഇനിയെങ്കിലും മാറണം.

ഇന്ന്‌, സെപ്‌റ്റംബർ 10 ലോക ആത്മഹത്യാപ്രതിരോധ ദിനമാണ്‌. ഓരോ നാൽപത്‌ സെക്കന്റിലും ലോകത്ത്‌ ഒരാത്മഹത്യ നടക്കുന്നുവെന്നാണ്‌ കണക്ക്‌.ഈ ദിവസത്തിൽ നിങ്ങളുടെ ഒരു നാൽപത്‌ സെക്കന്റ്‌ ഇത്‌ വായിക്കാനായി മാറ്റി വെക്കാമോ?

* നിങ്ങൾക്ക്‌ ആത്മഹത്യ ചെയ്യണമെന്ന്‌ തോന്നുന്നെങ്കിൽ അത്‌ വിശ്വാസമുള്ള ഏതെങ്കിലും ഒരാളോട്‌ സൂചിപ്പിക്കൂ. മനശാസ്‌ത്രവിദഗ്‌ധരോടോ മനോരോഗവിദഗ്‌ധരോടോ സഹായം തേടാൻ ആഗ്രഹിക്കുന്നുവെന്ന്‌ അവരോട്‌ പറയാൻ മറക്കല്ലേ. സ്വയം ഇല്ലാതാവണമെന്ന നൈമിഷികമായ തോന്നലിന്റെ പൂർത്തീകരണത്തിലേക്ക്‌ എത്താതിരിക്കട്ടെ. ഓരോ ജീവനും അത്രയേറെ വിലപ്പെട്ടതാണ്‌.

* ആത്മഹത്യയുടെ കാരണവും സാഹചര്യവും സൗകര്യങ്ങളുമെല്ലാം ഒന്നിച്ച്‌ വന്നാലാണ്‌ സാധാരണ ഗതിയിൽ അത്‌ സംഭവിക്കുക. ഒരു പരിധി വരെയേ ഇതെല്ലാം ഒത്ത്‌ വരാതെ നോക്കി സ്വയം ആത്മഹത്യയെ പ്രതിരോധിക്കാനാവൂ എന്നറിയുക. ഇങ്ങനെയൊരു പ്രേരണ തോന്നിയാൽ പങ്ക്‌ വെക്കാൻ മടിക്കരുത്‌. മുന്നറിയിപ്പ് തരുന്നവർക്ക്‌, വിൽപത്രം ഒരുക്കലും കാര്യങ്ങൾ പറഞ്ഞേൽപ്പിക്കലുമൊക്കെ തകൃതിയായി ചെയ്യുന്നവർക്ക്‌ ഒക്കെ അൽപം കാര്യമായ ശ്രദ്ധ വേണം. അവരോട്‌ ''എന്ത് പറ്റി?'' എന്ന്‌ ചോദിക്കാനും അവർക്കൊന്ന്‌ കരയാൻ നിന്ന്‌ കൊടുക്കാനും അധികനേരം വേണ്ട. സഹായിക്കണം.

* ആത്മഹത്യ ''അഹങ്കാരമല്ല". ആത്മഹത്യാശ്രമം സഹായത്തിന്‌ വേണ്ടിയുള്ള ആർത്തുകരച്ചിലാണ്‌. അടുത്തേക്ക്‌ ചെന്ന്‌ "കൂടെയുണ്ട്‌" എന്ന്‌ പറയാൻ എത്ര നേരം വേണമെന്നാ? ചിലപ്പോൾ അവർ നിറയെ കരയും, ചിലപ്പോൾ മിണ്ടില്ല, ഉള്ളിലെ കടൽ മറയ്‌ക്കാൻ മുഖത്തൊരു മനോഹരമായ ചിരി ഒട്ടിച്ചെന്നും വരാം. അവരെ തടയാനാകും, അവർക്ക്‌ തന്റേടം പകരാനുമാകും. നമുക്ക്‌ വേണമവരെ.

* നിറയെ ചിരിച്ച്‌ സദാ സന്തോഷവും ഊർജവും വാരി വിതറി നടക്കുന്ന പല മനുഷ്യരും മിടിപ്പും ശ്വസനവുമുള്ള നെരിപ്പോടുകളാവാം. എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്‌. 'സ്വയം അവസാനിപ്പിക്കണം' എന്ന്‌ പറയുന്നവരെ സൂക്ഷിക്കുക. ആ സൂചന തരുന്നവർ അത്‌ മുഴുവനാക്കാൻ സാധ്യത ഏറെയാണ്‌. ഒരിക്കൽ ആത്മഹത്യക്ക്‌ ശ്രമിച്ചവർ ആവർത്തിക്കാനുള്ള സാധ്യതയും മറ്റുള്ളവരേക്കാൾ അധികമാണ്‌.

* ഒന്ന്‌ കൂടി. ആത്മഹത്യക്ക്‌ ശ്രമിച്ചവരെ പരിഹസിച്ചുള്ള വർത്തമാനങ്ങൾ ആശുപത്രിയിലെ സ്‌റ്റാഫ്‌ അടക്കം പറയുന്നത്‌ പലയിടങ്ങളിലും കേട്ടിട്ടുണ്ട്‌. ഓൾറെഡി സഹിക്കാനാവാത്ത വേദനയിലും സഹനത്തിലുമുള്ള ഇവരെ ഒരു വസ്‌തുവായി കാണാതെ, അവരെ നാണം കെടുത്തുന്ന രീതിയിൽ സംസാരിക്കാതെ, വിഷമിക്കുന്ന മനുഷ്യനായി കാണാനുള്ള സാമാന്യബോധമെങ്കിലും നമുക്കുണ്ടായേ തീരൂ. അവർക്ക്‌ സമാശ്വാസം നൽകാനാവണം. നിർബന്ധമാണത്‌.

* സുപ്രധാനം - ആത്മഹത്യാപ്രവണതക്ക്‌ കൃത്യമായ ചികിത്സയുണ്ട്‌. വിദഗ്‌ധർക്ക്‌ സഹായിക്കാനാകും. സ്വന്തം ജീവിതം അവസാനിപ്പിക്കുകയല്ല ഒന്നിനുമുള്ള പോംവഴി. ജീവിതത്തിൽ നിന്നും വിഷാദരോഗമെന്ന സത്വത്തെ പറിച്ചെറിയാനാവണം. അതിന്‌ ഇന്ന്‌ വഴികളുണ്ട്‌. അല്ലാതെ കുറുക്കുവഴികളും മതചികിത്സയും മന്ത്രവാദവും ഒന്നുമായി രോഗിയെ ബുദ്ധിമുട്ടിക്കരുത്‌. സൈക്യാട്രി വിഭാഗത്തിൽ ചെല്ലുന്നതിനെ 'നാണക്കേട്‌' ആയി കരുതരുത്‌. അവർ സഹായിക്കും.

* കുടുംബവും സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും സപ്പോർട്ട് ചെയ്യേണ്ടതും മനസ്സിലാക്കേണ്ടതും ഒഴിച്ചു കൂടാനാവാത്തതാണ്‌. സ്വന്തം രോഗം സ്വയം തിരിച്ചറിഞ്ഞ്‌ ഏറ്റെടുത്ത്‌ പുറംകടക്കാൻ ശ്രമിക്കുന്നതാണ്‌ ഇത്തരമൊരു രോഗിക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. ഈഗോയും അറപ്പും അഹങ്കാരവും പുച്‌ഛവും പരിഹാസവും താൻപൊരിമയുമൊക്കെ ശ്വാസം നിലയ്‌ക്കുന്നിടം വരെയുള്ള പിടച്ചിലാണ്‌. മാനസികബുദ്ധിമുട്ടുകൾ ഉള്ളവരെ സഹിക്കാൻ വിടുന്നത്‌ ചിലപ്പോൾ ആയുഷ്‌കാലത്തേക്കുള്ള നോവിന്റെ വിത്താകും പാകുന്നത്‌.

തിരിച്ചുവരവ്‌ : ജീവനാണ്‌. പറത്തി വിടരുത്‌, പിടിച്ച്‌ കെട്ടിയേക്കണം. മരിച്ച്‌ പോകും വരെ എന്തോരം നല്ല കാര്യങ്ങൾ ചെയ്‌തു തീർക്കാനുള്ളതാണ്‌ ! ആത്മഹത്യയെ വലിയൊരളവ്‌ വരെ പ്രതിരോധിക്കാനാവും.

ആ നാൽപത്‌ സെക്കന്റുകൾ ഓർക്കുക, ജീവന്റെ വിലയുള്ള നാൽപത്‌ നിമിഷങ്ങൾ. വലിയൊരളവ്‌ വരെ ആത്മഹത്യ തടയാനാകും. ആകണം.

TAGS: HEALTH, LIFESTYLE HEALTH, DR SHIMNA AZEEZ, FACEBOOK POST, SUICIDE, SUICIDE TENDENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.