ന്യൂഡൽഹി: പാകിസ്ഥാനോട് അധിനിവേശ കാശ്‌മീരിന്റെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതായിരുന്നുവെന്നും ഇളവ് നൽകിയത് തെറ്റാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ഗാന്ധിനഗറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1947ൽ വിഭജനശേഷം അധിനിവേശ കാശ്‌മീർ കൈയേറിയ പാകിസ്ഥാൻ, ഭീകരർക്ക് അഭയം നൽകിയാണ് ഇന്ത്യയ്‌ക്കുനേരെ അക്രമം അഴിച്ചുവിട്ടത്. അന്ന് തിരിച്ചടിച്ചപ്പോൾ പാക് അധിനിവേശ കാശ്‌മീർ തിരിച്ചുപിടിക്കണമായിരുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ വാക്കുകൾ നടപ്പാക്കിയില്ല. അതിനാൽ അവർ 75 വർഷമായി പിന്തുണയ്‌ക്കുന്ന ഭീകരതയുടെ ഭയാനക രൂപമാണ് പഹൽഗാമിൽ കണ്ടത്.
മൂന്നു തവണ പാകിസ്ഥാന് ഇന്ത്യയുടെ സൈനിക ശക്തി അറിയിച്ചുകൊടുത്തു. അവർ സമ്പൂർണമായി പരാജയപ്പെട്ടു. നേരിട്ടുള്ള സൈനിക പോരാട്ടത്തിൽ വിജയിക്കില്ലെന്ന് മനസിലാക്കി ഭീകരതയെ പോഷിപ്പിക്കുന്ന നിഴൽ യുദ്ധം അവലംബിക്കുന്നു. നിരപരാധികളും നിരായുധരുമായവരെ ലക്ഷ്യം വച്ച് പരിശീലനം ലഭിച്ച ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നു. വസുധൈവ കുടുംബകം എന്ന ആശയത്തിലൂന്നി അയൽക്കാരുമായി സമാധാനവും സൗഹൃദവും തേടുകയാണ് ഇന്ത്യ. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വാദിക്കുമ്പോഴും ആവർത്തിച്ചുള്ള വെല്ലുവിളികൾ ശക്തമായ പ്രതികരണം അനിവാര്യമാക്കിയെന്നും മോദി പറഞ്ഞു.
തെളിവുണ്ട്, ചോദിക്കേണ്ട
ഓപ്പറേഷൻ സിന്ദൂറിൽ 22 മിനിട്ടിനുള്ളിൽ ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർത്തതിന്റെ ക്യാമറ തെളിവുകളുണ്ടെന്നും ആരും തെളിവ് ചോദിച്ച് വരേണ്ടതില്ലെന്നും മോദി വ്യക്തമാക്കി. പാകിസ്ഥാൻ നടപടിയെ നിഴൽ യുദ്ധമെന്ന് പറയാനാകില്ല. മനപ്പൂർവ്വവും കണക്കുകൂട്ടിയതുമായ സൈനിക കുതന്ത്രമാണത്. ഭീകരരുടെ സംസ്കാര ചടങ്ങുകൾ ശവപ്പെട്ടിയിൽ ദേശീയ പതാക പൊതിഞ്ഞും സല്യൂട്ട് നൽകിയും പൂർണ ബഹുമതികളോടെ അവർ നടത്തി. അതൊരു യുദ്ധ തന്ത്രമാണ്. അത് ആവർത്തിച്ചാൽ നല്ല തിരിച്ചടി നൽകും. ഇന്ത്യയ്‌ക്ക് വെള്ളം വേണം. പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടിമൂലം ജമ്മു കാശ്മീരിലെ ജലസ്രോതസ്സുകൾ 60 വർഷം അവഗണിക്കപ്പെട്ടു. അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളില്ലാതെ ചെളി നിറഞ്ഞു. സംഭരണശേഷി ഗണ്യമായി കുറഞ്ഞു. ഇന്ത്യക്കാർക്ക് ജലത്തിന്മേലുള്ള അവകാശം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |