ന്യൂഡൽഹി: പാകിസ്ഥാനുമായി ദീർഘകാല സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പ്രതികരണം മാത്രമെന്നും ശശി തരൂർ. സർവകക്ഷി സംഘത്തെ നയിക്കുന്ന തരൂർ, ഗയാന തലസ്ഥാനമായ ജോർജ് ടൗണിൽ സംസാരിക്കുകയായിരുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നീണ്ട യുദ്ധം ഇന്ത്യ ആഗ്രഹിച്ചില്ല. ഓരോ ആക്രമണവും പാകിസ്ഥാന്റെ നടപടികളോടുള്ള പ്രതികരണമായിരുന്നു. വിദേശ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചപ്പോൾ യുദ്ധത്തിൽ താത്പര്യമില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. പാകിസ്ഥാൻ നിറുത്തിയാൽ തിരിച്ചടിക്കേണ്ട ആവശ്യം ഇന്ത്യയ്‌ക്കുമില്ലായിരുന്നു. ഇന്ത്യയുടെ തത്വാധിഷ്ഠിതമായ ഈ നിലപാടാണ് ഒടുവിൽ സംഘർഷത്തിന് അയവ് വരുത്തിയത്. മേയ് 10 ന് രാവിലെ പാകിസ്ഥാൻ ഇന്ത്യയുടെ മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ സമീപിച്ച് വെടിനിറുത്തൽ അഭ്യർത്ഥിച്ചു. ഇന്നുള്ള സമാധാനം തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഭാവിയിലെ ആക്രമണങ്ങളെ ഇന്ത്യ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവർ വീണ്ടും ആക്രമിച്ചാൽ, കാര്യങ്ങൾ കൂടുതൽ മോശമാകും. ഇത് ഇന്ത്യയുടെ ദൃഢനിശ്ചയമാണ്. ലോകവും ഭയമില്ലാതെ, നിസംഗതയോടെ പ്രതികരിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |