തിരുവനന്തപുരം: മലയാള സാഹിത്യത്തെയും സിനിമയെയും കിടിലംകൊള്ളിച്ച 27 സ്ത്രീകഥാപാത്രങ്ങൾ അമേരിക്കയിൽ പുനർജനിച്ചു. ചന്തുമേനോന്റെ ഇന്ദുലേഖ, ചെമ്മീനിലെ കറുത്തമ്മ, ജി.വിവേകാനന്ദന്റെ കള്ളിച്ചെല്ലമ്മ, മലയാറ്റൂരിന്റെ യക്ഷി നോവലിലെ രാഗിണി തുടങ്ങിയ കഥാപാത്രങ്ങളാണ് കാലിഫോർണിയയിലെ സാൻഡിയാഗോയിൽ പ്രത്യക്ഷമായത്. മലയാളിയായ ഡോ. ചിനോയുടെ നേതൃത്വത്തിലായിരുന്നു കൗതുകവും ആവേശവുമായി മാറിയ കലാസംരഭം. ഷാലിമ സിദ്ദിഖാണ് ഈ ചിത്രങ്ങൾ എല്ലാം ക്യാമറയിൽ പകർത്തിയത്.
അമേരിക്കൻ മലയാളികൾ വേഷമിട്ട ഈ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി 70 പേജുള്ള ഫോട്ടോബുക്ക് സാൻഡിയാഗോ മലയാളി അസോസിയേഷൻ(സന്മാ) പ്രകാശനം ചെയ്തു. കഥാപാത്രങ്ങളുടെ മേക്കോവറിൽ റാംപ്‌വാക്കും നടന്നു. പുസ്തകത്തിന്റെ വിറ്റുവരവ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
അമേരിക്കയിലെ കലാപ്രതിഭയുള്ള മലയാളി സ്ത്രീകളെ കണ്ടെത്തുകയായിരുന്നു ചിനോയുടെ ആദ്യ വെല്ലുവിളി. അവർക്കിണങ്ങുന്ന കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്തതോടെ ആദ്യ കടമ്പ കടന്നു. അവരെ കഥാപാത്രങ്ങളാക്കി മാറ്റി ഫോട്ടോഷൂട്ട് നടത്തുകയും ആ ചിത്രങ്ങൾ കൊണ്ടൊരു ഫോട്ടോബുക്ക് തയ്യാറാക്കുകയുമായിരുന്നു ചിനോ. തന്റെ കാഴ്ചപ്പാടിലൂടെ കണ്ട കഥാപാത്രങ്ങളെ ആവിഷ്കരിച്ച ഉദ്യമത്തിന് 'ത്രൂ ഹെർ ഐസ്" എന്നാണ് സാൻഡിയാഗോയിലെ ഇന്റേണൽ മെഡിസിൻ ഡോക്ടറായ ചിനോ പേരിട്ടത്.ഇതിൽ ഷാജി എൻ.കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥത്തിലെ സുഭദ്ര എന്ന കഥാപാത്രത്തെ ചിനോ തന്നെ ആവിഷ്ക്കരിച്ചു.ഇതു മാത്രമാണ് സിനിമയിൽ നിന്ന് നേരിട്ടെടുത്ത ഏക കഥാപാത്രം.
കുട്ടിക്കാലത്തെ സാഹിത്യമോഹം
ഊട്ടിയിലെ ബോർഡിംഗ് സ്കൂളിലും തിരുവനന്തപുരത്തും പഠിച്ച ഹൈസ്കൂൾ കാലഘട്ടത്തിലാണ് സാഹിത്യത്തോടുള്ള താത്പര്യം ആരംഭിച്ചത്. ഉപരിപഠനത്തിനായി യു.എസിലേക്ക് പോയപ്പോഴും ബാഗിൽ എം.ടിയെയും തകഴിയെയും ഒപ്പംകൂട്ടി. ഭർത്താവ് എൻജിനീയറായ എൽവിസും മൂന്നുകുട്ടികളുമൊത്ത് സാൻഡിയാഗോയിലാണ് താമസം. അടൂർ ആണ് സ്വദേശം.
പല മേഖലയിലുള്ളവർ
വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് ജാനുവായും സാറാമ്മയായും ഉണ്ണിയാർച്ചയായും രംഗത്തെത്തിയത്. മിനി പിള്ള,ദിവ്യ മോഹൻ, പത്മജ പൊറ്റത്തിൽ,ടിന തോമസ്,ലക്ഷ്മി വിജയചന്ദ്രൻ,ദീപ മേനോൻ,ശ്രീലേഖ ഹരിദാസ്,രശ്മി ഭൂതലിംഗം,സുജ ജയൻ,നീമ നായർ,വിധു.എം.നായർ,ബിന്ദു മേക്കോത്ത്,ഗൗരി അർജുൻ,നസീഹ മച്ചിങ്ങൽ,അഞ്ജു ശ്രീനിവാസൻ,ജീവ എബ്രഹാം,ശ്രുതി സുകുമാരൻ,റോഷ്നി രാമചന്ദ്രൻ,റീന രാമചന്ദ്രൻ,നിഷ ശിവശങ്കരൻ,സ്മിജി സോണി,പൂർണിമ ഗോപകുമാർ,ചിന്നു സൂരജ്,ജെയിൻ ജേക്കബ്,സജിത സിദ്ധിഖ്,സാലു ജോൺ എന്നിവരാണ് മറ്റു മോഡലുകൾ.
'വിദേശികൾക്കും പുതുതലമുറയ്ക്കും മലയാളസാഹിത്യം പരിചിതമാക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യപ്രഖ്യാപനവും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഈ കഥാപാത്രങ്ങളുടെ കാതൽ' ഡോ. ചിനോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |