പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് ഷിജുവിനെ (20) വിവസ്ത്രനാക്കി പോസ്റ്രിൽ കെട്ടിയിട്ട് മൃഗീയമായി മർദ്ദിച്ച സംഭവത്തിൽ ഒളിച്ചുകളി അവസാനിപ്പിച്ച് പൊലീസ്. പ്രതികളായ പാൽവണ്ടിയിലെ ഡ്രൈവർ ഷോളയൂർ സ്വദേശി റെജി മാത്യു (21), ക്ലീനർ ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31) എന്നിവരെ ഇന്നലെ പുലർച്ചെ കോയമ്പത്തൂരിൽ നിന്ന് അഗളി പൊലീസ് അറസ്റ്റു ചെയ്തു. മണ്ണാർക്കാട് എസ്.സി, എസ്.ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
24ന് അഗളി ചിറ്റൂർ കട്ടേക്കാട് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞത്. ഷിജു ആദ്യം ചികിത്സതേടിയ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് 24നുതന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ചൊവ്വാഴ്ച സംഭവം പുറത്തുവന്നതോടെയാണ് ആശുപത്രിയിലെത്തി ഷിജുവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം ഒളിവിൽപോയ പ്രതികളെതേടി പൊലീസ് ഇറങ്ങിയത്. കല്ലിൽതട്ടി കാലുതെറ്റി വീണ ഷിജുവിനെ വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ചാണ് പ്രതികൾ മർദ്ദിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഷിജു കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലാണ്.
പൊലീസിന്റെ വിചിത്രവാദം
വാഹനത്തിന്റെ മുൻഗ്ലാസ് തകർത്തുവെന്ന് ആരോപിച്ച് വാഹനയുടമയുടെ മകൻ നൽകിയ പരാതിയിൽ രണ്ടുദിവസം മുമ്പ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ഷിജു ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണ് അഗളി പൊലീസിന്റെ വിചിത്ര വാദം. ഈ പരാതിയിൽ ഷിജുവിനെതിരെയും കേസെടുത്തിരിക്കുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |