□വി.ഡി.സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട
കണ്ണൂർ: പി.വി.അൻവർ യു.ഡി.എഫിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് മുൻ കെ.പി.സി.സി. അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. അൻവർ വിഷയത്തിൽ വി.ഡി സതീശൻ ഒറ്റയ്ക്ക് തീരുമാനമെടുക്കേണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് അൻവറുമായി വൈകാരികമായ അടുപ്പമുണ്ട്. ആ അടുപ്പം വച്ച് താൻ ഒന്നു കൂടി അദ്ദേഹത്തെ നേർവഴിയിലെത്തിക്കാൻ ശ്രമിക്കും.അൻവർ യു.ഡി.എഫ് സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ തയ്യാറാകണം. ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശങ്ങൾ തിരുത്തണം. നിലമ്പൂരിൽ അൻവർ നിർണായക ശക്തിയാണെന്നാണ് തന്റെ വിശ്വാസം. യു.ഡി.എഫിൽ ചേരാൻ അദ്ദേഹത്തോട് ആരും അങ്ങോട്ട് പോയി ആവശ്യപ്പെട്ടിട്ടില്ല. അൻവർ സ്വയം വന്നതാണ്. അൻവറിന്റെ കൈയിലുള്ള വോട്ട് കിട്ടിയില്ലെങ്കിൽ യു.ഡി.എഫിന് തിരിച്ചടിയാകും.അൻവറിന്റെ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണം. അൻവറിന്റെ യുഡിഎഫ് പ്രവേശനം മരവിച്ചിട്ടില്ല. പുതിയ കെ.പി.സി.സി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ചർച്ച നടത്തി രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. തീരുമാനമെടുക്കാൻ തനിക്കിപ്പോൾ സാധിക്കില്ലെന്നും, തന്റെ കിരീടവും ചെങ്കോലുമെല്ലാം പോയില്ലേയെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |