ഇന്ത്യയിൽ നിന്നും ധാരാളം വിദ്യാർത്ഥികൾ അമേരിക്കൻ സർവകലാശാലകളിൽ ഉപരിപഠനത്തിന് താത്പര്യപ്പെടുന്നുണ്ട്. എന്നാൽ, ഇവിടെ വിസാ നടപടിക്രമത്തിലുണ്ടാകുന്ന നിയന്ത്രണം അന്താരാഷ്ട്ര തലത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കും. സ്റ്റുഡന്റ് വിസയിൽ നടപ്പാക്കുന്ന വിലയിരുത്തൽ പ്രക്രിയ അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവരെ ബാധിക്കാനിടയുണ്ട്. സ്റ്റുഡന്റ് വിസ എഫ് 1, എക്സ്ചേഞ്ച് വിസ ജെ 1 എന്നിവയിലും, പരിശീലനവുമായി ബന്ധപ്പെട്ട എം 1 വിസയിലുമാണ് വിലയിരുത്തലും, നിരീക്ഷണവും നടക്കുന്നത്. ഇതിനകം വിസ അനുവദിച്ചവരുടെ സ്റ്റാറ്റസാണ് വിലയിരുത്തുന്നത്. പഠന കാലയളവിലെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ, പ്രസിദ്ധീകരിച്ച ലേഖനങ്ങൾ, പോസ്റ്റ് ചെയ്ത വീഡിയോ മുതലായവ നിരീക്ഷിക്കും. അക്കാഡമിക് നിലവാരം, ക്യാമ്പസിനെതിരായ പ്രവർത്തനങ്ങൾ, പഠനത്തിൽ ശ്രദ്ധയില്ലായ്മ എന്നിവയും നോക്കും. തുടർന്നുള്ള വിലയിരുത്തലിൽ വിസ ക്യാൻസൽ ചെയ്യുന്നതുവരെയുള്ള നടപടികൾ സ്വീകരിക്കും.ഇവ ഒരർത്ഥത്തിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെങ്കിലും, ഉപരിപഠനം, ഗവേഷണം എന്നിവയിൽ അനിശ്ചിതത്വമുണ്ടാക്കും.
അമേരിക്കയിലെ 11 ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ മൂന്നിലൊന്നോളം ഇന്ത്യക്കാരാണ്. പുതുതായി സ്റ്റുഡന്റ് വിസ, എക്സ്ചേഞ്ച് വിസ എന്നിവ അനുവദിക്കുന്നതിൽ നിയന്ത്രണമുണ്ടെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൻതുക മുടക്കി അമേരിക്കയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ചിട്ടയോടെ പഠിക്കേണ്ടതും, രാജ്യത്തിന്റെ പ്രതീക്ഷയ്ക്കിണങ്ങി പ്രവർത്തിക്കേണ്ടതുമാണ്. ക്യാമ്പസിലെ ചിട്ടകളും നടപടിക്രമങ്ങളും പാലിക്കണം. വിദ്യാർത്ഥികൾ അറിയാതെ അവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് പ്രത്യേകം അറിയേണ്ടതാണ്. എന്നാൽ എച്ച് 1 തൊഴിൽവിസയിൽ നിയന്ത്രണങ്ങളില്ല.
അമേരിക്കയിൽ സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസയ്ക്ക് അപേക്ഷിക്കുന്നവർ പ്രകോപനമുണ്ടാക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |