വാഷിംഗ്ടൺ: പുതിയ സ്റ്റുഡന്റ് വിസ അഭിമുഖങ്ങൾ താത്കാലികമായി നിറുത്തിയ യു.എസ് നടപടിയിൽ ഇന്ത്യയിൽ നിന്നടക്കമുള്ള വിദ്യാർത്ഥികൾ ആശങ്കയിൽ. ഇന്ത്യയിൽ നിന്നടക്കം ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് യു.എസിലെ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി പ്രതിവർഷം എത്തുന്നത്. വരാനിരിക്കുന്ന അക്കാഡമിക് സെഷനുകളിൽ പഠനം ആരംഭിക്കാൻ പദ്ധതിയിടുന്ന വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം തിരിച്ചടിയാണ്.
ദേശീയ സുരക്ഷാ നയത്തിന്റെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്റ്റുഡന്റ് വിസ അഭിമുഖം നടത്തരുതെന്നാണ് എംബസികൾക്ക് യു.എസ് നൽകിയിരിക്കുന്ന നിർദ്ദേശം. നിലവിൽ അഭിമുഖം നിശ്ചയിച്ചിട്ടുള്ളവർക്ക് നിയന്ത്രണം ബാധകമല്ല.
സ്റ്റുഡന്റ് വിസയിലെത്തുന്നവർ രാജ്യ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് യു.എസ് സർക്കാരിന്റെ നിലപാട്. കഴിഞ്ഞ വർഷം ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളുമായി വിദേശികൾ അടക്കം വിദ്യാർത്ഥികൾ യു.എസ് തെരുവിലിറങ്ങിയിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് നിയന്ത്രണങ്ങളെന്ന് വാദം.
ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായതോടെ വിദേശ വിദ്യാർത്ഥികൾക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കിയിരുന്നു. ഹമാസിനെ/പാലസ്തീനെ അനുകൂലിച്ച ഡസൻ കണക്കിന് വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുകയും ചെയ്തിരുന്നു.
യു.എസ് ലക്ഷ്യം
1.തീവ്രവാദ ബന്ധമുള്ള വ്യക്തികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയുക
2.ദേശ താത്പര്യങ്ങൾക്ക് എതിരായിട്ടുള്ളവരെ കണ്ടെത്താൻ അപേക്ഷകരുടെ ഓൺലൈൻ/സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ
3. വിസ മാനദണ്ഡങ്ങൾ കടുപ്പിക്കൽ
3,30,000
യു.എസിൽ പഠിക്കുന്ന
ഇന്ത്യൻ വിദ്യാർത്ഥികൾ
(2023-2024 അദ്ധ്യയന വർഷം)
2,77,000
ചൈനയിൽ നിന്നുള്ള
വിദ്യാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |