ന്യൂയോർക്ക്: സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ഒമ്പാതാമത്തെ പരീക്ഷണ വിക്ഷേപണം പരാജയം. ഇക്കൊല്ലം നടന്ന സ്റ്റാർഷിപ്പിന്റെ മറ്റ് രണ്ട് പരീക്ഷണങ്ങളും പരാജയപ്പെട്ടിരുന്നു. ടെക്‌സസിലെ ബോക ചികയിലെ സ്റ്റാർ ബേസിൽ ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5.06നായിരുന്നു പരീക്ഷണം. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനം.
ഇന്നലെ വിക്ഷേപണത്തിന് പിന്നാലെ സൂപ്പർ ഹെവി ബൂസ്റ്റർ പേടകത്തിൽ നിന്ന് വേർപെട്ടെങ്കിലും നിയന്ത്രണം നഷ്ടമായി കടലിൽ തകർന്നുവീണു. ബൂസ്റ്ററിന്റെ നിയന്ത്രിത ലാൻഡിംഗ് ആയിരുന്നു സ്പേസ് എക്സ് നിശ്ചയിച്ചിരുന്നത്.
മുൻ പരീക്ഷണത്തിൽ ഉപയോഗിച്ച് ബൂസ്റ്ററിനെയാണ് ഇപ്രാവശ്യം ഉപയോഗിച്ചത്. ബൂസ്റ്ററിന്റെ പുനരുപയോഗം പരീക്ഷിച്ച ആദ്യ ശ്രമമായിരുന്നു ഇത്. ഇതിനിടെ, മുന്നോട്ടുകുതിച്ച സ്റ്റാർഷിപ്പ് പേടകത്തിന് 9 മിനിറ്റുകൊണ്ട് നിശ്ചയിച്ച ഭ്രമണപഥത്തിൽ എത്താനായെങ്കിലും മോക് സാറ്റലൈറ്റുകൾ പുറത്തിറക്കാനുള്ള ദൗത്യത്തിൽ പരാജയപ്പെട്ടു.
30 മിനിറ്റുകൾക്കുള്ളിൽ നിയന്ത്രണം നഷ്ടമായി ചുറ്റിക്കറങ്ങിയ പേടകം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് പൊട്ടിത്തെറിച്ചു. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സംരംഭമായ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |