ന്യൂഡൽഹി: തുറന്ന യുദ്ധത്തെ പാകിസ്ഥാൻ ഭയപ്പെടുന്നുവെന്ന് ബംഗാളിലെ അലിപ്പൂർദ്വാറിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി . അതുകൊണ്ടാണ് അവർ ഭീകരതയെ പിന്തുണയ്‌ക്കുന്നത്. ഭീകരതയിലും അതുവഴിയുള്ള കൂട്ടക്കൊലയിലുമാണ് അവർക്ക് വൈദഗ്‌ദ്ധ്യം. 1947 മുതൽ പാകിസ്ഥാൻ ഭീകരതയെ വളർത്തുന്നു. ഇന്നത്തെ ബംഗ്ലാദേശിൽ അവർ നടപ്പാക്കിയ ഭീകരത മറക്കാനാവാത്തതാണ്. ഇന്ത്യ മൂന്നുതവണ പാകിസ്ഥാന് ചുട്ട മറുപടി നൽകിയെന്നും മോദി പറഞ്ഞു. 2016 ലെ ഉറി ഭീകരാക്രമണത്തെത്തുടർന്ന് നടത്തിയ സർജിക്കൽ ആക്രമണം, പുൽവാമ ബോംബാക്രമണത്തിന് ശേഷമുള്ള 2019 ലെ ബാലകോട്ട് വ്യോമാക്രമണങ്ങൾ, 'ഓപ്പറേഷൻ സിന്ദൂർ' എന്നിവയെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. പാകിസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധം അതിർത്തി കടന്നുള്ള ഭീകര അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ നശിപ്പിച്ചെന്നും പറഞ്ഞു.
പാട്‌നയിൽ വിമാനത്താവള ടെർമിനൽ
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബീഹാറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പാട്ന വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം ഉദ്ഘാടനം ചെയ്തു. പാട്‌ന നഗരത്തിൽ അദ്ദേഹം റോഡ് ഷോയും നടത്തി. ഇന്ന് ബീഹാറിൽ 48,520 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും. 1,200 കോടി രൂപ ചെലവിൽ നിർമ്മിച്ച ടെർമിനലിന് പ്രതിവർഷം ഒരു കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. പാട്നയ്ക്കടുത്തുള്ള ബിഹ്‌ത്തയിലെ വിമാനത്താവളത്തിൽ പുതിയ സിവിൽ എൻക്ലേവിന് അദ്ദേഹം തറക്കല്ലിട്ടു. ഐ.ഐ.ടി പട്ന, നിർദ്ദിഷ്ട എൻ.ഐ.ടി പട്ന ക്യാമ്പസ് എന്നിവ ബിഹ്‌ത്തയിലാണ്.പാട്ന നഗരത്തിൽ നടന്ന മോദിയുടെ റോഡ്ഷോ കാണാൻ നൂറുകണക്കിനുപേർ അണിനിരന്നു. പാട്ന വിമാനത്താവളത്തിനടുത്തുള്ള ആരണ്യ ഭവനിൽ നിന്നാരംഭിച്ച റോഡ്ഷോ ബിർച്ചന്ദ് പട്ടേൽ മാർഗിലുള്ള സംസ്ഥാന ബി.ജെ.പി ഓഫീസിൽ സമാപിച്ചു.നേരത്തെ പശ്‌ചിമ ബംഗാളിലെ അലിപ്പൂർ ദ്വറിൽ സിറ്റി ഗ്യാസ് വിതരണ (സി.ജി.ഡി.) പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |