കോഴിക്കോട്: കളിച്ചുകൊണ്ടുനിന്ന ഏഴുവയസുകാരനെ ചാക്കിൽക്കെട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ കൂട്ടുകാർ കല്ലെറിഞ്ഞ് ഓടിച്ചു. കോഴിക്കോട് പുതിയകടവ് ബീച്ചിനു സമീപം ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്റെയും അനുഷ പർവീന്റെയും മകനായ മുഹമ്മദ് റാസിലിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ മംഗലാപുരം സ്വദേശികളായ ശ്രീനിവാസൻ (52), ലക്ഷ്മി (44)എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
സ്കൂൾ അവധിക്ക് പുതിയകടവിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു മുഹമ്മദ് റാസിൽ. കൂട്ടുകാരുമായി ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇവർ ചാക്കുമായി അടുത്തെത്തുകയായിരുന്നു. കുട്ടിയെ ബലമായി ചാക്കിലാക്കിയ ഇവർക്കുനേരെ മറ്റ് കുട്ടികൾ കല്ലെറിഞ്ഞു. ആക്രമണത്തെത്തുടർന്ന് ഇരുവരും ചാക്കിനൊപ്പം കുട്ടിയെയും ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ പിന്നാലെ കുട്ടികൾ ഓടുന്ന സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും ഇവരെ പിന്തുടർന്നു. തുടർന്ന് പരിസരത്ത് പട്രോളിംഗിനെത്തിയ പൊലീസുകാരെ കുട്ടികൾ വിവരമറിയിക്കുകയും ഇരുവരെയും പൊലീസ് അറസ്റ്റുചെയ്യുകയുമായിരുന്നു.
കുട്ടികളുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് കുട്ടിയെ ഉടൻ രക്ഷിക്കാനായതെന്നും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. വെള്ളയിൽ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പട്ടാപ്പകൽ നഗരത്തിലെ പ്രധാന സ്ഥലത്താണ് സംഭവം നടന്നതെന്നും ഭീതി ഉയർത്തുന്നതാണെന്നും പ്രതികളെ മുമ്പ് കണ്ട് പരിചയമില്ലെന്നും നാട്ടുകാരും പറഞ്ഞു. ശ്രീനിവാസനെതിരെ തൃശൂരും കോട്ടയത്തും മോഷണം, പിടിച്ചുപറി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |