തിരുവനന്തപുരം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച പത്തുകിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ സിംഗപ്പൂരിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥിയും വിദ്യാർത്ഥിനിയും കസ്റ്റംസിന്റെ കസ്റ്റഡിയിലായി.
ഇവർ ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവിന് 10 കോടി രൂപ വിലമതിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇത്രയും രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ആദ്യമായാണ് വിമാനത്താവളത്തിൽ പിടികൂടുന്നത്. ശനിയാഴ്ച രാത്രി 11.10ന് സിംഗപ്പൂരിൽ നിന്നുമെത്തിയ സ്കൂട്ട് എയർലൈൻസിന്റെ ടി.ആർ 530ാം നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. വിശദമായി ചോദ്യം ചെയ്യേണ്ടതിനാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
വിമാനത്തിൽ നിന്നും ടെർമിനലിനുള്ളിൽ പ്രവേശിച്ചപ്പോൾ അധികൃതർക്ക് ഇവരെ സംശയം തോന്നി. കൺവേയർ ബെൽറ്റിൽ നിന്നും ഇവർ ലഗേജുകളുമായി പുറത്തുകടക്കാൻ ശ്രമിക്കുമ്പോൾ അധികൃതർ തിരിച്ചുവിളിച്ച് ലഗേജുകൾ പരിശോധിക്കുകയായിരുന്നു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്. കഞ്ചാവിന്റെ ഉറവിടവും ആർക്ക് വിൽക്കാനാണ് കൊണ്ടുവന്നത് എന്നതടക്കമുള്ള വിവരങ്ങളും എയർകസ്റ്റംസിന്റെ ഉന്നത ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |