പാരീസ് : കഴിഞ്ഞ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിലെ റണ്ണർ അപ്പ് ജാസ്മിൻ പാവോലിനി ഇക്കുറി പ്രീ ക്വാർട്ടറിൽ പുറത്ത്. നാലാം സീഡായ പാവോലിനെ 14-ാം സീഡ് യുക്രേനിയൻ താരം എലിന സ്വിറ്റോളിനയാണ് കീഴടക്കിയത്. രണ്ട് മണിക്കൂർ 24 മിനിട്ട് നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിൽ 4-6,7-6(8/6),6-1 എന്ന സ്കോറിനായിരുന്നു സ്വിറ്റോളിനയുടെ വിജയം. ആദ്യ സെറ്റിൽ വിജയിച്ച പാവോലിനിക്ക് രണ്ടാം സെറ്റിൽ കടുത്ത വെല്ലുവിളി നേരിടേണ്ടിവന്നു. ട്രൈബ്രേക്കറിൽ രണ്ടാം സെറ്റ് സ്വന്തമാക്കിയ സ്വിറ്റോളിന മൂന്നാം സെറ്റിൽ പാവോലിനിയെ അനങ്ങാൻ അനുവദിക്കാതെ സർവുകൾ ബ്രേക്ക് ചെയ്ത് വിജയം നേടി. ഇത് അഞ്ചാം തവണയാണ് സ്വിറ്റോളിന ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. ഇറ്റലിക്കാരിയായ പാവോലിനി കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഇഗ ഷ്വാംടെക്കിനോട് തോറ്റാണ് പുറത്തായത്.
ഇഗ ഇക്കുറിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീ ക്വാർട്ടറിൽ 12-ാം സീഡ് എലേന റൈബാക്കിനയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ചാണ് ഇഗ കീഴടക്കിയത്. സ്കോർ 1-6,6-3,7-5. എട്ടാം സീഡ് ചൈനീസ് താരം ക്വിൻ വെല ഷെംഗ് പ്രീ ക്വാർട്ടറിൽ 19-ാം സീഡ് സാംസണോവയെ 7-6(7/5),1-6,6-3ന് തോൽപ്പിച്ച് ക്വാർട്ടറിലെത്തി.
ബൊപ്പണ്ണ സഖ്യം പുറത്ത്
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബെപ്പണ്ണ- ചെക് റിപ്പബ്ളിക്കിന്റെ ആദം പവ്‌ളാസെക്ക് സഖ്യത്തിന് മൂന്നാം റൗണ്ടിൽ തോൽവി. ഹെലിയോവാര - പാറ്റേൺ സഖ്യം 6-2,7-6(7/5)നാണ് ബൊപ്പണ്ണ സഖ്യത്തെ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |