മുകേഷ് അംബാനിയും കുടുംബവും കൊച്ചുകുട്ടികൾക്ക് വരെ സുപരിചിതരാണ്. ആഢംബരത്തിന്റെ അവസാനവാക്കായിട്ടാണ് അംബാനി കുടുംബത്തെ കാണുന്നത്. കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയണിഞ്ഞുള്ള ചിത്രങ്ങളും വിവാഹമടക്കമുള്ള ആഘോഷങ്ങളുടെ വീഡിയോകളുമൊക്കെ മലയാളികൾ അടക്കമുള്ളവർ ഏറ്റെടുക്കാറുണ്ട്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഏവർക്കും പ്രിയപ്പെട്ടവരാണ്. അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഏറെ പ്രശംസ ഏറ്റുവാങ്ങാറുണ്ട്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെയും സ്ഥാപകയും ചെയർപേഴ്സണുമാണ് നിത അംബാനി.
മുകേഷ് അംബാനിയെ വിവാഹം കഴിക്കുന്നതിന് മുമ്പുള്ള നിത അംബാനിയുടെ ജീവിതത്തെക്കുറിച്ച് അധികമാർക്കുമറിയില്ല. മക്കളും ഭർത്താവുമല്ലാതെ നിത അംബാനിക്കൊപ്പം മിക്കപ്പോഴും ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്ന ഒരാളുണ്ട്. ആരാണെന്നല്ല? മംമ്ത ദലാലാണത്.
ആരാണ് മംമ്ത ദലാൾ?
ഒറ്റവാക്കിൽ പറഞ്ഞാൽ നിത അംബാനിയുടെ സഹോദരിയാണ് മംമ്ത ദലാൾ. ഗുജറാത്തിയിലെ സമ്പന്ന കുടുംബത്തിൽ രവീന്ദ്രഭായ് ദലാലിന്റെയും പൂർണിമ ദലാലിന്റെയും മകളായിട്ടാണ് ജനിച്ചത്. നിത അംബാനിയേക്കാൾ നാല് വയസിന് ഇളയതാണ് മംമ്ത. നിത അംബാനിയുടെയും മംമ്ത ദലാലിന്റെയും മുത്തച്ഛൻ ഫ്രഞ്ച് പ്രൊഫസറായിരുന്നു. അതിനാൽത്തന്നെ അക്കാലത്തും കുടുംബത്തിൽ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഒരു അദ്ധ്യാപികയായിട്ടാണ് മംമ്ത ദലാൾ തന്റെ കരിയർ ആരംഭിച്ചത്. നിത അംബാനിയും അദ്ധ്യാപികയായിട്ടായിരുന്നു കരിയർ തുടങ്ങിയത്. നിലവിൽ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലെ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് അറിവ് പകർന്നു നൽകുന്നു. അവിടെ സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായും അവർ സേവനമനുഷ്ഠിക്കുന്നു.
മംമ്ത വിദ്യാർത്ഥികൾക്കായി വർക്ക് ഷോപ്പുകളും ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും സച്ചിൻ ടെണ്ടുൽക്കറുടെ മക്കൾക്കുമൊക്കെ മംമ്ത ദാലാൽ ക്ലാസെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സെലിബ്രിറ്റികളുടെ മക്കളെ പഠിപ്പിച്ചാലും എല്ലാ വിദ്യാർത്ഥികളും തനിക്ക് തുല്യരാണെന്ന് മംമ്ത ദലാൽ ഒരിക്കൽ പറഞ്ഞിരുന്നു.
പബ്ലിസിറ്റിയോട് താത്പര്യമില്ല
മുകേഷ് അംബാനി, നിത അംബാനി മക്കളായ അനന്ത് അംബാനി, ആകാശ് അംബാനി, ഇഷ അംബാനി മരുമക്കളായ രാധിക മർച്ചെന്റ്, ശോക്ല മേഹ്ത, ആനന്ദ് പിരമാൾ ഇവരൊക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നവരാണ്. കുട്ടിയെ സ്‌കൂളിൽ വിടുന്നതുമുതൽ ഭക്ഷണം കഴിക്കാൻ പോകുന്നതിന്റെ വരെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗ് ആവാറുണ്ട്.
നിത അംബാനി സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പ്രമുഖ ബിസിനസുകാരിയും ഭരതനാട്യം നർത്തകിയും അദ്ധ്യാപികയുമാണ്. അതിനാൽത്തന്നെ എപ്പോഴും മാദ്ധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ മംമ്ത നേരെ മറിച്ചാണ്. കഴിവതും മാദ്ധ്യമശ്രദ്ധയിൽപ്പെടാതിരിക്കാൻ മംമ്ത ശ്രമിക്കാറുണ്ട്. വളരെ അപൂർവമായി മാത്രമേ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ. 2014ൽ പിതാവ് രവീന്ദ്രഭായ് ദലാൽ അന്തരിച്ചു. അതിനുശേഷം അമ്മ പൂർണിമ ദലാലിനൊപ്പമാണ് മംമ്ത അംബാനിമാരുടെ ചടങ്ങുകളിൽ പങ്കെടുക്കാറ്.
നിത അംബാനി മംമ്ത ദലാലുമായി വളരെ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. നേരത്തെ, ഒരു അഭിമുഖത്തിൽ തന്റെ സഹോദരിയെപ്പറ്റി അവർ വാതോരാതെ സംസാരിച്ചിരുന്നു. ഇപ്പോഴും അടുത്ത സൗഹൃദംസൂക്ഷിക്കുന്നതായും നിത വ്യക്തമാക്കിയിരുന്നു. കൂട്ടുകുടുംബത്തിലാണ് ഇരുവരും വളർന്നത്. ഒൻപത് കസിൻസ് സിസ്റ്റേഴ്സും കൂട്ടിനുണ്ടായിരുന്നു. സ്ത്രീകൾക്ക് പഠിക്കാൻ അനുവാദമില്ലായിരുന്ന ആ കാലത്ത്, തങ്ങളുടെ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് കുടുംബം ഉറപ്പുവരുത്തിയതായി നിത മുമ്പ് പറഞ്ഞിരുന്നു.
ആസ്തി
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളിൽ ഒന്നാണ് അംബാനി കുടുംബം. ഫോർബ്സ് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 116.0 ബില്യൺ ഡോളറാണ്. ബിസിനസ് സംരംഭങ്ങൾക്ക് പുറമേ, ഐപിഎൽ ടീമായ മുംബയ് ഇന്ത്യൻസിന്റെ ഉടമയാണ് നിത അംബാനി. എന്നാൽ മംമ്ത ദലാലിന്റെ ആസ്തി എത്രയാണെന്നോ കുടുംബത്തെക്കുറിച്ചോയൊന്നും കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |