നീലേശ്വരം:കോലസ്വരൂപാധിപയായ കാവിലമ്മ, അള്ളട സ്വരൂപാധിപനായ ക്ഷേത്രപാലകൻ, നടയിൽ ഭഗവതി, എട്ടുകുടക്കൽ പ്രഭുക്കന്മാരിൽ അള്ളനൊപ്പം സ്വരൂപം ഭരിച്ചിരുന്ന മന്നോന്റെ സങ്കൽപ്പത്തിലുള്ള കൈക്ളോൻ തെയ്യങ്ങൾ. അള്ളടസ്വരൂപത്തിലെ തെയ്യാട്ടക്കാലത്തിന് പരിസമാപനം കുറിച്ച് ഇന്ന് വൈകിട്ട് നടക്കുന്ന നീലേശ്വരം മന്നൻപുറത്ത്കാവിൽ കലശോത്സവത്തിൽ ഈ തെയ്യങ്ങൾ ക്ഷേത്രം വലംവെക്കുമ്പോൾ ആർത്തുവിളിച്ച് തെക്ക്,വടക്ക് കളരിയിലെ വാലിയക്കാർ പുഷ്പാലങ്കൃതമായ ഭീമൻ കലശകംഭങ്ങളുമായി ആവേശത്തിമിർപ്പിലായിരിക്കും.
ചിത്താരിപ്പുഴയും ഒളവറയ്ക്കും ഇടയിലുള്ള അള്ളടം മുക്കാതം പ്രദേശത്തിന്റെ ഉത്സവ സമാപനമാണ് മന്നൻപുറത്ത് കാവ് കലശം. എല്ലാ സമുദായക്കാരും ഒരുമിക്കുന്ന ഉത്സവത്തിൽ തീയസമുദായത്തിൽ പെട്ട തെക്ക്,വടക്ക് കളരിക്കാരാണ് മനോഹരമായ കലശങ്ങൾ ഒരുക്കുന്നത്. കള്ളുനിറച്ച് കലശകുംഭങ്ങൾ കുരുത്തോലയും ചെക്കിപ്പൂക്കളും കമുകിൻ പൂക്കുലയും ഉപയോഗിച്ച് മനോഹരമായി അലങ്കരിക്കും.
കലോത്സോത്സവത്തിന് മുന്നോടിയായി ഇന്നലെ തെക്കൻ കളരിയിലെ കലശം എടുക്കുന്ന രണ്ടു പേർ കാവിൽ എത്തി കലശം കുളിച്ച് ശുദ്ധരായി പുണ്യാഹവുമായി എത്തി കലശതട്ട് കുളിപ്പിച്ചു. രാത്രിയിൽ തന്നെയാണ് കലശ തട്ട് അലങ്കരിക്കുന്ന പ്രവൃത്തി നടന്നത്.തെരുവത്ത്, കളത്തേര, നെടുങ്കൈ,ചിറ്റയിക്കുതിര്, എന്നീ നാലു തറവാട്ടുകാരാണ് തെക്കൻ കളരിയിലുള്ളത്. അറുപത് ലിറ്റർ കള്ളാണ് കലശപാത്രത്തിൽ നിറക്കേണ്ടത്. കലശ ദിവസം വടക്കൻ കളരിക്കാർ ഓലകൊണ്ടു പോകുന്ന ചടങ്ങിന് ശേഷം കലശക്കാർ കുളിച്ച് മാറ്റ് ഉടുത്ത് നിൽക്കും.ഇതിന് ശേഷം കാവുതീയൻ പുണ്യാഹം തളിക്കും.കള്ള് പാനിയുമായി അഞ്ച് സ്ത്രീകളാണ് മുന്നിൽ നടക്കുന്നത്. പിറകിൽ പ്രധാന കലശക്കാരൻ കലശ കുടം എടുത്ത് പിറകിലായാണ് വരുന്നത്.
ക്ഷേത്രപാലകന്റെ മുടി ഉയർത്തിയിട്ട് കിഴക്ക് ഭാഗം തിരിയുമ്പോൾ തെക്കെ കളരിക്കാർ അലങ്കരിച്ച കലശം എടുക്കും. മൂന്ന് പ്രാവശ്യം ക്ഷേത്രം വലംവച്ചതിന് ശേഷം നാല് തെയ്യങ്ങളെയും കലശം വലം വെക്കും. കലശം വലം വെക്കുന്ന ചടങ്ങ് പൂർത്തിയായാൽ കാവിൽ നിന്ന് പ്രസാദമായി മീൻ കോവ ,പായസം, ഉണക്ക ചോറ് എന്നിവയുമായി തെക്കെകളരിയിൽ തിരിച്ചെത്തി തറവാട്ടംഗങ്ങൾക്ക് വിതരണം ചെയ്യും. തെക്കെ കളരിക്കാർക്ക് കാവിൽ നിത്യ കലശമില്ല.കുമാരൻ കാര്യങ്കോട്, കൃഷ്ണൻ കാഞ്ഞങ്ങാട് എന്നിവരാണ് തെക്കെ കളരിയിൽ നിന്ന് കലശം എടുക്കുന്നത്.
വടക്കേ കളരിയിൽ പുതിയ പറമ്പത്ത് ഭഗവതിക്ഷേതം, പുതുക്കൈ തായത്തറ ഭഗവതി ക്ഷേത്രം സ്ഥാനികർ ,വാല്യക്കാർ എന്നിവരാണ് കലശം ചമയിക്കാറ്. ഓലകൊത്തിയ ഇവരാണ് മന്നൻ പുറത്ത് കാവ് മതിലിനകത്ത് താൽക്കാലിക പന്തൽ കെട്ടുന്നത്. ഇവരിൽ നിന്ന് 4 സ്ത്രീകളാണ് കലശ പാത്രം നിറക്കേണ്ട കള്ളുമായി എത്തുന്നത്. തറവാട്ടിലെ ഒരാളും വാല്യക്കാരിൽ ഒരാളുമാണ് കലശമെടുക്കേണ്ടത്.കലശം എഴുന്നള്ളിക്കൽ പൂർത്തിയായാൽ വടക്കെ കളരിയിൽ തിരിച്ചെത്തി പ്രസാദവിതരണം ഇവിടെയുമുണ്ട്.
ആര്യക്കര ഭഗവതിക്ഷേത്രത്തിൽ നിന്നുള്ള മീൻ കോവ സമർപ്പണവും കലശോത്സവത്തിലെ പ്രധാന ചടങ്ങാണ്.തട്ടാച്ചേരി വടയന്തൂർ കഴകം ക്ഷേത്ര സ്ഥാനികരും കലശോത്സവ സമയത്ത് മതിലിനകത്തുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |