കടയ്ക്കൽ : തൂവെള്ള ഷർട്ടും മുണ്ടും ഒരു കിന്നരി തലപ്പാവും വച്ച്, ഇന്നലെ രാവിലെ സ്കൂൾ തുറന്ന ഉടനെ ഓഫീസ് മുറിയിലേക്ക് കയറി വന്ന്, ഒരു കസേര വലിച്ചിട്ട് 94 കഴിഞ്ഞ അദ്ദേഹം ഇരുന്നപ്പോൾ പ്രധാന അദ്ധ്യാപികയടക്കം അദ്ധ്യാപകരാകെ ഒന്ന് ആശങ്കപെട്ടു. എല്ലാവരെയും നോക്കി ഒരു മന്ദസ്മിതം പൊഴിച്ച ആൾ ഓഫീസ് മുറിയിലെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോകളിൽ ഒന്നൊന്നായി കണ്ണോടിച്ചു. തന്റെ വിരമിക്കൽ കാലത്തെ ഒരു ഫോട്ടോ പോലെ ഒന്ന് കണ്ണിലുടക്കിയ അദ്ദേഹം കസേരയിൽ ഒന്നുകൂടി അമർന്നിരുന്നു.
കടയ്ക്കൽ മുതയിൽ ഗവ.എൽ.പി സ്കൂളിലാണ് രസകരമായ സംഭവം അരങ്ങേറിയത്. അടുത്തെത്തിയ പ്രധാനാദ്ധ്യാപിക അനിത വിവരം തിരക്കി. താൻ 1994ൽ ഇവിടെ നിന്നു വിരമിച്ച പ്രധാനാദ്ധ്യാപകനാണെന്ന് മറുപടി. പേര് തങ്കപ്പനാചാരി. ഇപ്പോൾ പ്രായം 94കഴിഞ്ഞു. ഒന്നുകൂടി ഇവിടെ വരണമെന്ന് മനസ് പറഞ്ഞു. അതുകൊണ്ട് ഈ ദിവസം തിരഞ്ഞെടുത്തു, ഇങ്ങ് പോന്നു. അദ്ധ്യാപകർ പിന്നീടൊന്നും ആലോചിച്ചില്ല, പ്രവേശനോത്സവത്തിന് മുഖ്യാതിഥി തങ്കപ്പനാചാരി തന്നെ. വേദിയിൽ ചടങ്ങുകൾ തുടങ്ങുന്നതിന് ഏറെ മുന്നേ തന്നെ തങ്കപ്പനാചാരി മുന്നിലെ കസേരയിൽ വന്നിരുന്നു. വാർഡ് മെമ്പർ ഹുമയൂൺ കബീർ ചാർത്തിയ പൊന്നാട സ്വീകരിച്ച് അല്പനേരം എല്ലാവരോടും സംവദിച്ച ശേഷം മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |