ബംഗളൂരു: കന്നട ഭാഷ തമിഴിൽ നിന്ന് പിറന്നതാണെന്ന് പറഞ്ഞ നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന്
കമൽ ബോധിപ്പിച്ചതോടെ, താങ്കൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്ന് കോടതി ചോദിച്ചു. ചരിത്രരേഖകൾ എവിടെയെന്നും ആരാഞ്ഞു. കന്നട ജനത ചോദിച്ചത് ക്ഷമാപണം മാത്രമാണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി.
കമൽ നായകനായി പുറത്തിറങ്ങുന്ന സിനിമ 'തഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കർണാടകയിൽ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു വിവാദ പരാമർശം. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്നാണ് പറഞ്ഞത്.
മാപ്പ് പറയുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ വാശിയെന്ന് കോടതി ചോദിച്ചു. 75 വർഷങ്ങൾക്ക് മുൻപ് മുൻ കേന്ദ്രമന്ത്രി രാജഗോപാൽ ആചാരി നടത്തിയ ക്ഷമാപണവും കോടതി ഉദ്ധരിച്ചു. മാപ്പ് പറയുന്നോ ഇല്ലയോ എന്ന ചോദ്യത്തിന് ഇല്ലെന്ന കമലിന്റെ നിലപാട് അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. സിനിമയുടെ റിലീസ് മാറ്റിവയ്ക്കാമെന്നും അറിയിച്ചു. കേസ് 10ന് വീണ്ടും പരിഗണിക്കും.
തെറ്രിദ്ധരിക്കപ്പെട്ടു: കമൽ
പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് കർണാടക ഫിലിം ചേംബർ ഒഫ് കൊമേഴ്സിന് (കെ.എഫ്.സി.സി) എഴുതിയ കത്തിൽ കമൽ വിശദീകരിച്ചു. ഈ കത്തും കാേടതിയിൽ ഹാജരാക്കിയിരുന്നു.
വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയതാണ്. എല്ലാവരും ഒന്നാണ്, ഭാഷാപരമായി ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്ന് മാത്രമാണ് അർത്ഥമാക്കിയത്. ഒരുതരത്തിലും താഴ്ത്തിക്കെട്ടാൻ ഉദ്ദേശ്യമില്ലായിരുന്നു. വേദനയുണ്ട്. നാമെല്ലാവരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെന്നും കന്നട ഭാഷയുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് തർക്കമില്ലെന്നും കമൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |