കണ്ണൂർ: മദ്യഗ്ളാസുകൾ നിറയ്ക്കാൻ ഇനി കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കണ്ണൂർ ഫെനിയും. അടുത്ത കശുമാങ്ങാസീസണായ ഡിസംബറിൽ ഉത്പാദനം തുടങ്ങും. സി.പി.എം ഭരിക്കുന്ന പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഉത്പാദനം. അന്തിമാനുമതി ലഭിച്ചു. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതോടെയാണിത്. എക്‌സൈസ് ലൈസൻസ് മാത്രമാണ് ഇനി കിട്ടാനുള്ളത്.
വിപണനം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലൂടെ. പിന്നീട് ബിവറേജസ് ഔട്ട്ലെറ്റുകളിലും എത്തിക്കും. ബോട്ടിലിംഗ് യൂണിറ്രിനുള്ള യന്ത്രസാമഗ്രികൾ ഗോവയിൽ നിന്ന് ഉടൻ എത്തിക്കുമെന്ന് ബാങ്ക് സെക്രട്ടറി എം.വി.രാജേഷ് കുമാർ പറഞ്ഞു.
പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാകും നിർമ്മാണം. ലാഭത്തിന്റെ എൺപത് ശതമാനവും കർഷകരിലേക്കെത്തിക്കും. കശുമാവ് കൃഷി വ്യാപിപ്പിക്കാൻ വായ്പയും സബ്‌സിഡിയും നൽകും. ഡിസംബർ മുതൽ മേയ് വരെയാണ് കശുമാങ്ങാ സീസൺ.ഈ സമയത്താകും ഫെനി ഉത്പാദനം. കശുവണ്ടി ഫാക്ടറിയും തുടങ്ങും. ഫെനി ഉത്പാദനത്തിന് ശേഷം കശുമാങ്ങയുടെ ചണ്ടി സംസ്കരിച്ച് ജൈവവളമാക്കും.
നീണ്ട കാത്തിരിപ്പ്
കശുമാങ്ങയിൽ നിന്ന് ഫെനി എന്ന ആശയവുമായി 2016ലാണ് പയ്യാവൂർ ബാങ്ക് സർക്കാരിനെ സമീപിച്ചത്. 2022 ജൂൺ 30ന് അനുമതി നൽകി. എന്നാൽ, ഫെനി നിർമ്മാണത്തിനുള്ള ചട്ടം രൂപീകരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി. ഇതിനായി നിരന്തരം പരിശ്രമിച്ചത്. കർഷകസംഘം സംസ്ഥാന സമിതിയംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷിയാണ്.
വില ലിറ്ററിന്
500-600 രൂപ
ഒരുകിലോ കശുമാങ്ങയിൽ നിന്ന് ലഭിക്കുന്നത് 5.5 ലിറ്റർ നീര്. ഇത് സംസ്‌കരിച്ചാൽ കിട്ടുന്നത് അര ലിറ്റർ ഫെനി
ഒരു ലിറ്റർ ഫെനിയുടെ ഉത്പാദനച്ചെലവ് 200-250 രൂപ. 100% എക്‌സൈസ് നികുതി ഉള്ളതിനാൽ ലിറ്ററിന് 500-600 രൂപയ്ക്ക് വിൽക്കാനാവുമെന്ന് പ്രതീക്ഷ
100
പേർക്ക് തൊഴിൽ സാദ്ധ്യത
''ഫെനി ഗോവയുടെ തനത് മദ്യമായതിനാൽ ഈപേര് ഉപയോഗിക്കാൻ കഴിയുമോ എന്ന് സംശയമുണ്ട്. അതിനാൽ നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം ആവശ്യമെങ്കിൽ പുതിയപേര് പരിഗണിക്കും
-ടി.എം.ജോഷി, പ്രസിഡന്റ്,
പയ്യാവൂർ സഹകരണ ബാങ്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |