ബംഗളൂരു: ഐപിഎൽ 2025 സീസൺ വിജയികളായ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിക്‌ടറി പരേടിന് എത്തിയവർ തിക്കിതിരക്കിയതോടെയുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. പതിനൊന്നുപേർ മരിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഒരു സ്‌ത്രീയും കുട്ടിയുമുണ്ട്. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് തൊട്ടടുത്താണ് ആവേശഭരിതരായ ആരാധകർ ഒത്തുകൂടിയതോടെ തിക്കുംതിരക്കുമുണ്ടായത്.
സ്റ്റേഡിയത്തിന്റെ ഗേറ്റ് തുറന്നതോടെ അകത്തുകയറാൻ ആരാധകർ തിരക്കുകൂട്ടി.ഇതോടെ പൊലീസ് ലാത്തിചാർജ് ചെയ്‌തു. ഇതിനിടെയാണ് ദുരന്തമുണ്ടായത്. 50ലധികം പേർക്ക് സാരമായ പരിക്കേറ്റതായാണ് വിവരം. ഇവരെ അടുത്തുള്ള ബൗറിംഗ് ആശുപത്രി, മണിപ്പാൽ ആശുപത്രി പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ടീം നായകൻ രജത് പാട്ടിദാറുടെ നേതൃത്വത്തിൽ ബംഗളൂരുവിലെത്തിയത്. ടീമിന് വിധാന സൗധയിൽ കർണാടക സർക്കാർ സ്വീകരണം നൽകി. സംഭവത്തിനിടയിലും വിജയാഘോഷം തുടർന്ന കർണാടക സർക്കാർ നടപടി വിമർശനത്തിനിടയായി. ആഘോഷം ഉടൻ നിർത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.
എല്ലാ സജ്ജീകരണങ്ങളും വിക്‌ടറി പരേഡിനായി ചെയ്‌തിരുന്നെന്നും പ്രദേശത്ത് 6000 പൊലീസുകാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്നുവെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം ആഘോഷം ഐപിഎല്ലിന്റെ ഭാഗമല്ലെന്നും കിരീടം നേടിയശേഷമുള്ള ആഹ്ളാദ പ്രകടനമാണെന്നും ഐപിഎൽ ചെയർമാൻ വ്യക്തമാക്കി. സംഭവത്തിൽ കർണാടക സർക്കാർ ജനങ്ങളോട് മാപ്പുചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |