കേരളത്തിൽ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിച്ചിരുന്ന അങ്കമാലി - ശബരി റെയിൽപ്പാത പദ്ധതിക്ക് വീണ്ടും ജീവൻവയ്‌ക്കുന്നു. കാൽനൂറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് കേരളം മുന്നോട്ടുവച്ച പാതയ്ക്കു തന്നെ അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചത്. ഈ കൂടിക്കാഴ്ചയിൽ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ശബരി പാതയ്ക്കായി ഭൂമി ഏറ്റെടുക്കൽ നടപടി അടുത്ത മാസം ആരംഭിക്കുമെന്നതാണ്. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ദ്ധ സംഘം കേരളത്തിലെത്തുമെന്ന് നേതൃസംഘത്തിൽ അംഗമായിരുന്ന കേരളത്തിലെ റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു.
അങ്കമാലി - ശബരി പദ്ധതി അനിശ്ചിതമായി നീളുന്നതിനിടെ, ചെങ്ങന്നൂർ - പമ്പ പാതയും റെയിൽവേ പരിഗണിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ തന്നെ വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.
അങ്കമാലി മുതൽ എരുമേലി വരെ നീളുന്നതാണ് ശബരി പാത. 111.48 കി.മീറ്ററാണ് ദൈർഘ്യം. ഈ പദ്ധതി ആദ്യം നിർദ്ദേശിക്കപ്പെട്ടത് 97-98 ലെ കേന്ദ്ര റെയിൽവേ ബഡ്‌ജറ്റിലാണ്. റബർ എസ്റ്റേറ്റുകളും കിടപ്പാടങ്ങളും ജീവിതമാർഗവും അടയുമെന്ന ഭീതിയിൽ ആ മേഖലയിൽ പാതയ്ക്കെതിരെ ശക്തമായ എതിർപ്പുണ്ടായി. ആ പാത അന്ന് യാഥാർത്ഥ്യമായിരുന്നെങ്കിൽ ശബരിമലയിലെത്തുന്ന ഉത്തരേന്ത്യൻ ഭക്തരുടെ എണ്ണം പലമടങ്ങ് കൂടുമായിരുന്നു. ഇടുക്കി ജില്ലയിലൂടെയുള്ള ആദ്യ റെയിൽപ്പാത എന്ന വിശേഷണവും ശബരി പാതയ്ക്ക് ലഭിക്കും.
ഇതുവരെ ഈ പദ്ധതിക്കായി എട്ട് കിലോമീറ്റർ ഭൂമി മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. അങ്കമാലിക്കും കാലടിക്കും ഇടയിൽ പെരിയാറിലെ പാലം ഉൾപ്പെടെ ഏഴു കിലോമീറ്റർ പാതയുടെ നിർമ്മാണം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. ഇടുക്കി, കോട്ടയം ജില്ലകളിൽ പ്രാഥമിക സർവേയുടെ ഭാഗമായി കല്ലിടൽ നടത്തിയിട്ടുണ്ട്. ഇതു കാരണം, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നൂറുകണക്കിന് കുടുംബങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു.
അടുത്ത മാസം ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുന്നത് ഇവർക്ക് വലിയ ആശ്വാസമാകും പകരുക. ഈ പാത പുനലൂർ വഴി വിഴിഞ്ഞത്തേക്ക് നീട്ടണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള കാർഗോ നീക്കം പൂർണതോതിലാവുമ്പോൾ എം.സി റോഡിൽ ഗതാഗതക്കുരുക്കേറും. സമാന്തരമായി വരുന്ന ഗ്രീൻഫീൽഡ് പാതയും മതിയാവാതെ വരും. എന്നാൽ ശബരി പാത വിഴിഞ്ഞത്തേക്ക് നീട്ടിയാൽ ചരക്കു നീക്കത്തിനു മാത്രമായി ഒരു ലൈൻ നിർമ്മിക്കാൻ കഴിയും.
ശബരി പാതയ്ക്ക് 3801 കോടിയായിരിക്കും നിർമ്മാണച്ചെലവ്. ഇതിൽ 1900 കോടി രൂപ സംസ്ഥാന സർക്കാർ നൽകേണ്ടതാണ്. ശബരി പാത വിഴിഞ്ഞത്തേക്ക് നീട്ടാൻ 4800 കോടി രൂപ കൂടി ചെലവാകും. തുറമുഖങ്ങളിലേക്ക് റെയിൽപ്പാത നിർമ്മിക്കാനുള്ള കേന്ദ്രത്തിന്റെ റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. സിൽവർ ലൈനിനു ബദലായി ഇ. ശ്രീധരൻ നിർദ്ദേശിച്ച പദ്ധതിയും നേതൃസംഘം റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പദ്ധതിയുടെ ഫയൽ പരിശോധിക്കാമെന്നു പറഞ്ഞ കേന്ദ്രമന്ത്രി, കേരളത്തിനായി മൂന്നും നാലും പാതകൾ വികസിപ്പിക്കുന്ന നിർദ്ദേശങ്ങൾ പരിഗണനയിലാണെന്നും പറഞ്ഞു. ഒരു ചെറിയ സംസ്ഥാനമാണ് കേരളം. നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ പോകാനുള്ള ഒരു ഹൈസ്പീഡ് പാതയാണ് കേരളത്തിനു വേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |