ഇരിട്ടി:ആറളം ആദിവാസി പുനരധിവാസമേഖലയിൽ ആക്രമണമഴിച്ചുവിട്ട് വീണ്ടും കാട്ടാനകൾ. താമസിക്കുന്ന ഷെഡ് കാട്ടാന തകർക്കുന്നത് കണ്ട് ഭയന്നോടിയ ഗർഭിണി അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ആറളം ഫാം ഒമ്പതാം ബ്ലോക്ക് വളയംചാലിലെ ലീന,ജിഷ്ണു ഗർഭിണിയായ അശ്വിനി, എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ അശ്വിനിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരും പേരാവൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലാണ്.
വെളുപ്പിനാണ് ജിഷ്ണുവിന്റെ കുടുംബങ്ങൾ താമസിക്കുന്ന ഷെഡിന് മുന്നിൽ കാട്ടാന എത്തിയത് . ലീനയും ജിഷ്ണവും അശ്വനിയും മറ്റ് കുടുംബാംഗങ്ങളും അത്ഭുതകരമായാണ് ആനയിൽ നിന്നും രക്ഷപ്പെട്ടത് . ഇവർക്ക് തൊട്ടടുത്തു തന്നെ വീട് നിർമ്മിച്ചുനൽകിയിട്ടുണ്ടെങ്കിലും പൂക്കുണ്ടിലുള്ള ഷെഡിലാണ് താമസിച്ചുവന്നിരുന്നത്. കാട്ടാന ശല്യം രൂക്ഷമായി നേരിടുന്ന പ്രദേശമാണിത്. പരിക്കേറ്റ ലീന വനം വകുപ്പ് താൽക്കാലിക ജീവനക്കാരി കൂടിയാണ്.
അമ്പേ പരാജയമായി തുരത്തൽ ദൗത്യം
ആദിവാസി വിഭാഗത്തിൽ പെട്ട വള്ളി -ലീല ദമ്പതികളുടെ മരണത്തെ തുടർന്ന് കാട്ടാനകളെ ഫാമിൽ നിന്ന് തുരത്തുന്ന ദൗത്യം ആരംഭിച്ചിരുന്നു.പക്ഷെ തുരത്തിയ കാട്ടാനകൾ വീണ്ടും ഫാമിൽ എത്തുന്നുവെന്ന് ഇവിടുത്തുകാർ പറയുന്നു. പൊതു ഖജനാവിന് നഷ്ടമുണ്ടാക്കുന്ന ഈ ദൗത്യം കൊണ്ട് പുനരധിവാസമേഖലയ്ക്ക് ഒരു പ്രയോജനവും ലഭിച്ചില്ലെന്നും ഇവർ പറയുന്നു. ആന മതിൽ പൂർത്തിയാക്കിയാൽ മാത്രമേ കാട്ടാനകളെ ഫാമിൽ നിന്ന് ഓടിക്കുന്ന ദൗത്യം വിജയിക്കുകയുള്ളുവെന്നാണ് വനപാലകരും പറയുന്നത്.
വേണം 24 മണിക്കൂർ പട്രോളിംഗ്
പുനരധിവാസ മേഖലയിൽ 24 മണിക്കൂറും ആർ.ആർ.ടി.സംഘം പട്രോളിംഗ് നടത്തിയാൽ ഒരു പരിധിവരെ കാട്ടാന ആക്രമണം ഒഴിക്കാനാകുമെന്ന് ആദിവാസി കുടുംബങ്ങൾ പറയുന്നു. നിലവിൽ വനപാലകരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയെ സന്ദർശിച്ച് സണ്ണി ജോസഫ്
കണ്ണൂർ: കച്ചേരികടവിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ നടുവിലേകിഴക്കേതിൽ സുരിജ വിശ്വനാഥനെ ആശുപത്രിയിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ സന്ദർശിച്ചു. കഴിഞ്ഞ ദിവസം കച്ചേരികടവിലെ കേരള കർണാടക വനാതിർത്തിയിൽ ബാരാപ്പോൾ പുഴക്കരയിൽ താമസിക്കുന്ന ഇവരുടെ വീട്ടുമുറ്റത്ത് എത്തിയാണ് കാട്ടാന ആക്രമിച്ചത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്, വൈസ് പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |