ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം പൂർത്തിയാകുന്നു. ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ റെയിൽവേ കണക്‌ടിവിറ്റി ഉറപ്പാക്കുന്ന ഋഷികേശ് - കർണപ്രയാഗ് റെയിൽ പാതയുടെ 14.57 കിലോമീറ്റർ നീളമുള്ള ജനസു തുരങ്കത്തിൽ ഇരുവശവും കൂട്ടിമുട്ടിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി.
കർണപ്രയാഗിൽ നിന്ന് 98 കിലോമീറ്റർ അകലെയാണ് ചൈനയുമായി അതിർത്തി പങ്കിടുന്ന ബറോട്ടി ഗ്രാമം. റെയിൽപാത പൂർത്തിയാകുമ്പോൾ ഇവിടേക്കുള്ള സൈനിക നീക്കവും വേഗത്തിലാകും. ചൈന അവകാശവാദമുന്നയിക്കുന്ന പ്രദേശമാണ് ബറോട്ടി. ഋഷികേശ് - കർണപ്രയാഗ് റെയിൽ പാത തീർത്ഥാടന കേന്ദ്രങ്ങളായ യമുനോത്രി,ഗംഗോത്രി,കേദാർനാഥ്, ബദരീനാഥ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ്.
ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലും മറ്റും കണക്കിലെടുത്ത് ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത ടണൽ ബോറിംഗ് മെഷീനുകളാണ് ടി-8 ജനസു തുരങ്കത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.
ഡെറാഡൂൺ,തെഹ്രി ഗർവാൾ,പൗരി ഗർവാൾ,രുദ്രപ്രയാഗ്,ചമോലി ജില്ലകളിലൂടെ കടന്നുപോകുന്ന 125 കിലോമീറ്റർ റെയിൽപാത ഹിമാലയൻ മലയോര മേഖലകളിലേക്ക് റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കും. വെല്ലുവിളി നിറഞ്ഞ ഹിമാലയൻ ഭൂപ്രദേശങ്ങളിലൂടെ വർഷം മുഴുവനും അതിവേഗത്തിൽ യാത്ര ചെയ്യാനാകും. ഇതോടെ ഋഷികേശിനും കർണപ്രയാഗിനും ഇടയിലുള്ള റോഡ് യാത്ര രണ്ട് മണിക്കൂറായി കുറയും (നിലവിൽ 6-7 മണിക്കൂറാണ്).
നീളം കൂടിയ തുരങ്കം
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം: 14.577 കിലോമീറ്റർ ടണൽ ടി-8 (ദേവപ്രയാഗിനും ലച്ച്‌മോലിക്കും ഇടയിൽ)
125 കിലോമീറ്റർ പാതയിൽ 105 കിലോമീറ്ററും തുരങ്കങ്ങളിലൂടെ
(17 മെയിൻലൈൻ തുരങ്കങ്ങൾ,98 കിലോമീറ്റർ നീളമുള്ള 12 സുരക്ഷാ തുരങ്കങ്ങൾ)
35 പാലങ്ങൾ.
യോഗനഗരി ഋഷികേശ്,ശിവപുരി,ബ്യാസി,ദേവപ്രയാഗ്,ജനസു,മലേത,റാണിഹത് നൈതൻ (ശ്രീനഗർ),ധാരി ദേവി,തിലാനി,ഘോൾതിർ,ഗൗച്ചർ,കർണപ്രയാഗ് എന്നിവയാണ് പുതിയ സ്റ്റേഷനുകൾ
യു.പി.എ ഭരണകാലത്ത് 2011 നവംബറിൽ സോണിയാ ഗാന്ധിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. മുടങ്ങിക്കിടന്ന പദ്ധതി 2015മുതൽ വേഗത്തിൽ.
പദ്ധതിയുടെ ആദ്യ ഘട്ടം 2026 അവസാനത്തോടെ പൂർത്തീകരിക്കും,2027 മദ്ധ്യത്തോടെ പദ്ധതി പൂർത്തിയാക്കും.
പദ്ധതി ചെലവ് 16,200 കോടിയിലധികം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |