ടോക്കിയോ: സമുദ്രത്തെ മലിനമാക്കുകയും സമുദ്രജീവികളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് മാലിന്യം ഉയർത്തുന്ന ഭീഷണികളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ. മണിക്കൂറുകൾക്കുള്ളിൽ കടൽവെള്ളത്തിൽ ലയിച്ചു ചേരുന്ന പ്ലാസ്റ്റിക് ആണത്.
റികെൻ സെന്റർ ഫോർ എമർജന്റ് മാറ്റർ സയൻസ്, ടോക്കിയോ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. തങ്ങൾ വികസിപ്പിച്ച പ്ലാസ്റ്റിക് വളരെ വേഗത്തിൽ വിഘടിക്കുകയും അവശിഷ്ടങ്ങൾ ശേഷിക്കുന്നില്ലെന്നും ഗവേഷകർ പറയുന്നു.
ഉപ്പു ജലം നിറച്ച കണ്ടെയ്നറിൽ ഇറക്കിവച്ച് ഇളക്കിയ ചെറിയ പ്ലാസ്റ്റിക് കഷണം ഒരു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമായി. പ്ലാസ്റ്റികിനെ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനെ പറ്റി ഗവേഷകർ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പാക്കേജിംഗ് മേഖലയിൽ നിന്നടക്കം ഈ പ്ലാസ്റ്റികിനോട് താത്പര്യം പ്രകടിപ്പിച്ച് നിരവധി പേർ രംഗത്തെത്തി.
# വിഷരഹിതം
പെട്രോളിയം അധിഷ്ഠിത പ്ലാസ്റ്റികുകളെ പോലെ ശക്തം
ഉപ്പുമായി സമ്പർക്കമുണ്ടായാൽ യഥാർത്ഥ ഘടകങ്ങളായി വിഘടിക്കും
പ്രകൃതിദത്ത ബാക്ടീരിയകൾക്ക് ഈ ഘടകങ്ങളിൽ പ്രവർത്തിക്കാനാകും. ജലജീവികളെ ദോഷകരമായി ബാധക്കുന്ന മൈക്രോപ്ലാസ്റ്റിക് ഉണ്ടാകുന്നത് ഇതിലൂടെ ഒഴിവാക്കാം
മണ്ണിൽ ഉപ്പിന്റെ അംശമുണ്ടായതിനാൽ, 5 സെന്റീമീറ്റർ വലിപ്പമുള്ള പ്ലാസ്റ്റിക് കഷണം 200 മണിക്കൂറുകൾക്ക് ശേഷം മണ്ണിൽ ലയിച്ചുചേരും
വിഷരഹിതം. തീപിടിക്കില്ല. കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടില്ല
സാധാരണ പ്ലാസ്റ്റിക് ആവരണങ്ങളെ പോലെ ഉപയോഗിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |