ഒട്ടാവ: 15 മുതൽ 17 വരെ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിക്കുമോ എന്നതിൽ മൗനം പാലിച്ച് ആതിഥേയരായ കാനഡ. കാനഡയിലെ ആൽബർട്ടയിലെ കാനാനാസ്‌കിസിലാണ് ഇത്തവണത്തെ ഉച്ചകോടി.
മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് നയതന്ത്ര ബന്ധത്തിലുണ്ടായ വിള്ളൽ മുൻനിറുത്തി ഇന്ത്യയെ അതിഥിയായി ക്ഷണിക്കുന്നതിൽ കനേഡിയൻ നേതൃത്വത്തിനിടെയിൽ ആശയകുഴപ്പമുണ്ടെന്നാണ് റിപ്പോർട്ട്.
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായുള്ള വിള്ളൽ പരിഹരിക്കാനും സൗഹൃദം പുനഃസ്ഥാപിക്കാനും മുമ്പ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ,ഖാലിസ്ഥാൻ അനുകൂല സംഘടനകൾ ഇന്ത്യയെ ക്ഷണിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയ,ബ്രസീൽ,മെക്സിക്കോ,ദക്ഷിണാഫ്രിക്ക, യുക്രെയിൻ എന്നീ രാജ്യങ്ങളെ കാനഡ അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. മറ്റ് അതിഥി രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിട്ടില്ല.
ജി 7ൽ ഇന്ത്യ അംഗമല്ലെങ്കിലും 2019 മുതലുള്ള എല്ലാ ഉച്ചകോടികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. അതേ സമയം, കാനഡ ഇനി ക്ഷണിച്ചാലും മോദി ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ല. യു.എസ്, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യു.കെ എന്നീ ഏഴ് സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |