വാഷിംഗ്ടൺ: സർക്കാരിന്റെ പുതിയ ടാക്സ്-ബഡ്ജറ്റ് ബില്ലിനെതിരെ വിമർശനം ആവർത്തിക്കുന്ന ഇലോൺ മസ്കിനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ' മസ്കുമായി തനിക്ക് മികച്ച ബന്ധമുണ്ടായിരുന്നു. ഇനി തങ്ങൾക്കിടെയിൽ ആ ബന്ധം ഉണ്ടാകുമോ എന്ന് അറിയില്ല. മസ്‌കിൽ താൻ വളരെ നിരാശനാണ്. താൻ മസ്‌കിനെ ഒരുപാട് സഹായിച്ചിട്ടുണ്ട് "- വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ട്രംപ് പ്രതികരിച്ചു.
അമേരിക്കയെ പാപ്പരാക്കുന്ന ബില്ലിനെ ഇല്ലാതാക്കണമെന്ന് മസ്ക് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ പ്രതികരണം. ബില്ല് അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണെന്ന് മസ്‌ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബില്ലിനായി വോട്ട് ചെയ്ത രാഷ്ട്രീയക്കാരെ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്താക്കണമെന്ന് എക്സിലൂടെ ആഹ്വാനവും ചെയ്തു.
ട്രംപിന്റെ ടാക്സ്-ബഡ്ജറ്റ് ബില്ല് ചെലവ് കൂട്ടുമെന്നും ഖജനാവിന് ബാദ്ധ്യതയാകുമെന്നുമാണ് ശതകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് മേധാവിയുമായ മസ്കിന്റെ വാദം. ട്രംപിന്റെ ഉപദേശകനായിരുന്ന മസ്ക് കാലാവധി കഴിഞ്ഞ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയതിന് പിന്നാലെയാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |