കുറ്റ്യാടി :കൂടുതൽ പലിശ തരാമെന്നുപറഞ്ഞ് പണം വാങ്ങി തിരിച്ചുനൽകാതെ വഞ്ചിച്ചെന്ന പരാതിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ കേസ്. കുറ്റ്യാടി യിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്ടർമാരുടെപേരിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. എം ഡി ശക്തിപ്രസാദ്, സജേഷ് കുമാർ മഞ്ചേരി, പ്രബീഷ്, രജീഷ് കുമാർ, സൊസൈറ്റി മാനേജർ ഷൈജു, രമേഷ് പണിക്കർ. പ്രധീഷ്, ഷിജിന, ഷിബിന മറ്റ് ഡയറക്ടർമാർ എന്നിവരുടെപേരിലാണ് കേസെടുത്തത്. നിലവിൽ നാലുപേരുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് നാല് എഫ്ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റ്യാടി വടയം സ്വദേശിയുടെ പരാതിയിലാണ് ആദ്യം പൊലീസ് കേസെടുത്തത്. 2023 ഫെബ്രുവരി 17നും 2024 ഒക്ടോബർ 31 നുമിടയിൽ ഇയാൾ ഇവിടെ 34.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. പണം നിക്ഷേപിച്ച് ഒരുവർഷം കഴിഞ്ഞാൽ 12 ശതമാനം പലിശ ലഭിക്കുമെന്നു പറഞ്ഞാണ് പണം സ്വീകരിച്ചത്. എന്നാൽ പണം തിരികെ നൽകിയില്ലെന്നാണ് പരാതി.കൂരാച്ചുണ്ട് സ്വദേശി 2021 ഡിസംബർ 13നും 2024 സെപ്തംബർ 30നുമിടയിൽ 35 ലക്ഷം രൂപയാണ് സൊസൈറ്റി യിൽ നിക്ഷേപിച്ചത്. ഇയാളും പരാതി നൽകിയിട്ടുണ്ട്. കേരളത്തിലുടനീളം ഒട്ടേറെയാളുകൾ ഇതുപോലെ തട്ടി പ്പിനിരയായതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടി മേഖലയിൽ നിന്നുതന്നെ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായിട്ടുണ്ട്. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |