കട്ടപ്പന: കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിന്റെ കടയിൽ നിന്ന് രണ്ട് പായ്ക്കറ്റുകളിലായി സൂക്ഷിച്ച 7.9 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേർ പിടിയിൽ. ഇരട്ടയാർ പഞ്ചായത്ത് ഒമ്പതാം വാർഡംഗം ഉപ്പുകണ്ടം ആലേപുരക്കൽ എ.എസ്. രതീഷിന്റെ ഉടമസ്ഥതയിലുള്ള ഇരട്ടയാർ ടൗണിനു സമീപം പ്രവർത്തിക്കുന്ന കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ രതീഷിനെയും (42) ഒഡീഷ സ്വദേശികളും കടയിലെ തൊഴിലാളികളുമായ സമീർ ബെഹ്റ (27), ലക്കി നായക് (22) എന്നിവരെ പൊലീസ് പിടികൂടി. ഇരട്ടയാറ്റിലെ ഐ.എൻ.ടി.യു.സി നേതാവ് കൂടിയാണ് രതീഷ്. ശനി വൈകിട്ട് 3.30 നായിരുന്നു സംഭവം. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ രതീഷിനെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മഠത്തുംമുറി അറിയിച്ചു. രതീഷ് ഗ്രാമ പഞ്ചായത്ത് അംഗത്വം രാജി വച്ച് കത്ത് നൽകിയതായും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു വിൽപ്പന നടത്തുന്നുണ്ടായിരുന്നു എന്നടക്കം തുടങ്ങിയ വിവിധ അന്വേഷണങ്ങൾ വരും ദിവസങ്ങളിൽ നടക്കും. നെടുങ്കണ്ടം സി.ഐ ജെർലിൻ വി. സ്‌കറിയ, എസ്.ഐമാരായ എബി ജോർജ്, മഹേഷ് കുമാർ, അഭിജിത്ത് എം.എസ്, ഡെജി, എസ്.സി.പി.ഒമാരായ ബിജു കെ.എം, അനൂപ് കെ.എ, സി.പി.ഒമാരായ ഡെന്നി തോമസ്, റാൾസ് സെബാസ്റ്റ്യൻ, ബിബിൻ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |