മലപ്പുറം: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർമാർ ആയുഷ് ചികിത്സ നടത്തരുതെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന പൊതുജന ആരോഗ്യ നിയമത്തോടുള്ള വെല്ലുവിളിയാണെന്ന് ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (ഐ.എച്ച്.എം.എ) അറിയിച്ചു. ഹോമിയോ മരുന്നുകൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കേന്ദ്ര ഡ്രഗ്സ് ആൻഡ് കോസ്മറ്റിക്സ് ആക്ട് പ്രകാരം ഹോമിയോപ്പതി ഔഷധങ്ങളുടെ നിർമ്മാണം നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. രോഗികൾക്ക് ഏത് ചികിത്സാ രീതിയും അവലംബിക്കാനുള്ള സ്വാതന്ത്ര്യം നിലനിൽക്കേ ഹോമിയോ മരുന്നുകൾ കഴിക്കുന്നത് മാറ്റി നിറുത്തണമെന്ന് ബസ് ഡ്രൈവർമാരോട് ആവശ്യപ്പെടുന്നത് ശരിയല്ല. ഹോമിയോ മരുന്ന് കഴിക്കുന്നത് ഒരിക്കലും ഡ്രൈവിംഗിനെ ബാധിക്കാറില്ല. ഇത്തരം ബാലിശമായ പ്രസ്താവനകൾ പൊതുജനത്തെ ആശങ്കയിലാക്കും. ഇതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പരാതി നൽകും. പരാമർശം പിൻവലിക്കാത്ത പക്ഷം പ്രതിഷേധ പരിപാടികളിലേക്ക് ഹോമിയോ ഡോക്ടർമാർ നിർബന്ധിതരാകുമെന്ന് ഐ.എച്ച്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. പരിമൾ ചാറ്റർജി, ജനറൽ സെക്രട്ടറി ഡോ. അഷറഫ് സുഹൈൽ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |