നിലമ്പൂർ: കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തു മരിച്ച സംഭവത്തിൽ ഇന്നലെ നടത്തിയ പ്രസ്‌താവനയിൽ വ്യക്തത വരുത്തി വനംമന്ത്രി എകെ ശശീന്ദ്രൻ. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. അതിനുശേഷം നടന്ന പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എകെ ശശീന്ദ്രന്റെ വാക്കുകൾ
'തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ സംഭവം വിവാദമാക്കാൻ രാഷ്‌ട്രീയ ഗൂഢാലോചന നടത്തിയെന്ന് സംശയമുണ്ടെന്നാണ് ഞാൻ ഇന്നലെ പറഞ്ഞത്. ഞാൻ പറഞ്ഞതിന്റെ ദൃശ്യങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്കത് മനസിലാകും. ഞാൻ ആരോപണം ഉന്നയിക്കുകയല്ല സംശയം പ്രകടിപ്പിക്കുകയാണ് എന്നും പറഞ്ഞിട്ടുണ്ട്. എന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമത്തിൽ മാദ്ധ്യമങ്ങൾ പങ്കുചേരരുത്.
കുട്ടി മരിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ മലപ്പുറത്ത് അവർ പ്രതിഷേധം നടത്തി. ഇത്രയും വേഗം അത് സംഘടിപ്പിക്കണമെങ്കിൽ അവർ നേരത്തേ തയ്യാറായി ഇരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്തെ മുതലെടുക്കലാണിത്. അത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്. അതുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. അല്ലാതെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല. നിങ്ങൾ തെറ്റിദ്ധരിച്ചതാണ്.
സർക്കാർ സ്‌പോൺസേഡ് മർഡർ എന്ന് പ്രതിഷേധക്കാർ പറയുന്നതിന് പിന്നിൽ എന്താണ്. കുട്ടി മരിച്ച് അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരിങ്ങനെ പറഞ്ഞത്. സർക്കാർ ഒരാളെ കൊല്ലാൻ പ്ലാൻ ചെയ്യുമെന്നാണോ? മുഖ്യമന്ത്രി എന്നെ ശാസിച്ചു എന്ന് ചില മാദ്ധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണത്. ഇന്നലെ ഞാൻ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. അല്ലാതെ ഇങ്ങോട്ട് അദ്ദേഹം വിളിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് വർഷമായി വനംവകുപ്പിനെയും വനംമന്ത്രിയെയും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിനെ അറിഞ്ഞോ അറിയാതെയോ മാദ്ധ്യമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നത് വിഷമകരമായ കാര്യമാണ്. '
ശനിയാഴ്ചയാണ് അനന്തു ഷോക്കേറ്റ് മരിച്ചത്. പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാൽ കൂട്ടുകാർക്കൊപ്പം ഫുട്‌ബോൾ കളിക്കാൻ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വെെകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാൻ വച്ച വെെദ്യുതിക്കെണിയിൽ തട്ടി കുട്ടികൾക്ക് ഷോക്കേൽക്കുകയായിരുന്നു. അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |