കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ സ്‌തംഭിച്ച കാശ്‌മീരിലെ വിനോദസഞ്ചാരമേഖല തിരിച്ചുവരവിന്റെ പാതയിൽ. സുരക്ഷാനടപടികൾ ശക്തമാക്കുകയും പ്രധാനമന്ത്രി സന്ദർശിക്കുകയും ചെയ്‌തതോടെ ഫലം കണ്ടുതുടങ്ങി.
ഏപ്രിൽ 22ലെ ഭീകരാക്രമണത്തിനുശേഷം വിട്ടുനിന്ന സഞ്ചാരികൾ വീണ്ടും വരവായി. ടൂർ ഓപ്പറേറ്റർമാർ നിരക്കുകൾ കുറച്ചു.
ആറുദിവസം നീളുന്ന പാക്കേജുകൾ 18,000രൂപമുതൽ ലഭിക്കും. കൊച്ചി - ശ്രീനഗർ വിമാനടിക്കറ്റ് 7,000 രൂപയ്‌ക്ക് ലഭിക്കും.
ടൂറിസത്തെ പുനരുജ്ജീവിപ്പിക്കാനും സഞ്ചാരികളുടെ ആശങ്കകൾ അകറ്റാനും 'റാലി ഫോർ ദ വാലി" പ്രചാരണ പരിപാടി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ടി.എ.എ.ഐ) ഇന്ന് മുതൽ 12വരെ സംഘടിപ്പിക്കും. വിവിധ സംസ്ഥാനങ്ങളിലെ 200 ഏജന്റുമാർ കാശ്‌മീരിലെത്തും. സംസ്ഥാന സെക്രട്ടറി അഷ്‌റഫ് നെല്ലിക്കുന്നൻ ഉൾപ്പെടെ കേരളത്തിൽനിന്ന് 17 പേർ സംഘത്തിലുണ്ട്. ഉദ്യോഗസ്ഥർ, സംരംഭകർ, ഏജന്റുമാർ തുടങ്ങിയവരുമായി ചർച്ചകൾ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
മേയ് പകുതിയോടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നിരുന്നു. സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ആദ്യമെത്തിയത്. ജൂൺ ആദ്യത്തോടെ ഹോട്ടലുകളിൽ 10 മുതൽ 25 ശതമാനം വരെ മുറികളിൽ താമസക്കാരുണ്ട്. എല്ലായിടത്തും പട്ടാളമുള്ളതിനാൽ സുരക്ഷിതമാണെന്ന് ഒരാഴ്ചയായി ശ്രീനഗറിലുള്ള മലയാളി സഞ്ചാരി രാജനന്ദിനി പറഞ്ഞു.
നഷ്‌ടം മുഖ്യസീസൺ
ഏറ്റവും പ്രധാന ടൂറിസം സീസണാണ് പഹൽഗാം ഭീകരാക്രമണം വഴി കാശ്‌മീരിന് നഷ്‌ടമായത്. താഴ്‌വരയാകെ ടുലിപ് പൂക്കൾ വിരിയുന്നത് മാർച്ച് പകുതിയിലാണ്. ഏപ്രിലിൽ കൊഴിഞ്ഞുതുടങ്ങുമെങ്കിലും ജൂൺവരെ പൂക്കളുണ്ടാകും. ഇക്കാലത്താണ് ഏറ്റവുമധികം സഞ്ചാരികളെത്തുക. ഭീകരാക്രമണം മൂലം വിനോദസഞ്ചാരം സ്‌തംഭിച്ചത് വൻനഷ്‌ടമാണ് വരുത്തിയത്.
''അടുത്ത സീസൺ ആരംഭിക്കുന്ന സെപ്‌തംബറിലേയ്‌ക്ക് മലയാളികൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കാശ്‌മീരിനെ എക്കാലത്തും പിന്തുണയ്‌ക്കുന്നത് മലയാളികളാണ്.""
മറിയാമ്മ ജോസ്
പ്രസിഡന്റ്
ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |