മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യം സൂക്ഷിച്ചയിടത്തുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. മാലിന്യത്തിന് തീയിട്ട കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി തട്ടാർ കുന്നേൽ സജു ജോസഫ് (45) ആണ് അറസ്റ്റിലായത്. പ്രതി ഇറങ്ങിപ്പോകുന്നതിന്റെ നിർണായക തെളിവ് പൊലീസിന് ലഭിച്ചിരുന്നു. ഞായറാഴ്ച രാത്രി 7 ഓടെയായിരുന്നു സംഭവം. ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും ഇടപെടലിലാണ് വൻദുരന്തം ഒഴിവായത്. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയിലേക്കെത്തിയത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മുണ്ടക്കയം ടൗണിൽ നിന്നാണ് പിടികൂടിയത്. കാഞ്ഞിരപ്പള്ളി, പെരുവന്താനം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ കേസുകളുണ്ട്.
പ്രഖ്യാപനത്തിലൊതുങ്ങി
മുണ്ടക്കയം ഫയർ സ്റ്റേഷൻ
മുണ്ടക്കയം : തീപിടിത്തം തുടർക്കഥയാകുമ്പോഴും ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം കേന്ദ്രീകരിച്ച് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം പ്രഖ്യാപനത്തിലൊതുങ്ങി. ദേശീയപാതയിൽ അപകടങ്ങൾ ഉണ്ടാകുമ്പോഴും, മലയോരമേഖലയിൽ തീപിടിത്തം അടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും കാഞ്ഞിരപ്പള്ളിയിലേയോ പീരുമേട്ടിലേയോ ഫയർ യൂണിറ്റിനെയാണ് ആശ്രയിക്കുന്നത്. 2021 ഒക്ടോബറിൽ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളെ ദുരിതത്തിലാഴ്ത്തിയ പ്രളയം ഉണ്ടായപ്പോൾ തൊടുപുഴയിൽ നിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റാണ് ആദ്യം എത്തിയത്.
ഞായറാഴ്ച മുണ്ടക്കയത്തെ വ്യാപാരസമുച്ചയത്തിലുണ്ടായ തീപിടിത്തം കെടുത്താൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർയൂണിറ്റിന് എത്താനായത്. രണ്ടുവർഷം മുമ്പ് പഞ്ചായത്തോഫീസിന് സമീപം ഹരിത കർമ്മ സേനയുടെ കെട്ടിത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചിരുന്നു. അന്നും
രക്ഷാപ്രവർത്തനം വൈകി.
രക്ഷാപ്രവർത്തനം വൈകും, അപകട വ്യാപ്തി കൂടും
മുണ്ടക്കയത്ത് ഫയർസ്റ്റേഷനെന്ന വാഗ്ദാനം നാട്ടുകാർ കേൾക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തിലധികമായി. പി.സി.ജോർജ് എം.എൽ.എ മുൻകൈയെടുത്ത് ഇതിന്റെ നടപടികളുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് വന്ന സെബാസ്റ്റ്യൻ കുളത്തുങ്കലും ഇതിന് അനുകൂലമായാണ് സംസാരിച്ചതെങ്കിലും ഒന്നും നടന്നില്ല. മുണ്ടക്കയത്ത് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് സേനയെത്തുന്നത് വരെ കാത്തിരിക്കുന്നത് അപകടത്തിന്റെ ആഴം വർദ്ധിപ്പിക്കും. കുമരകം, ഏറ്റുമാനൂർ, എരുമേലി, മുണ്ടക്കയം എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷനുകൾക്ക് അനുമതി ലഭിച്ചെങ്കിലും നടപടികൾ ഇഴയുകയാണ്.
നാല് പഞ്ചായത്തുകൾക്ക് പ്രയോജനം
1.മുണ്ടക്കയം
2.കൂട്ടിക്കൽ
3.പെരുവന്താനം
4.കൊക്കയാർ
''ജില്ലയിലെ പ്രധാന വ്യാപാര പട്ടണങ്ങളിലൊന്നായ മുണ്ടക്കയത്ത് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം അടിയന്തരമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണം.
-വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |