പതിവ് വിശ്വാസങ്ങൾ തെറ്റിക്കുന്ന റെയിൽവേ വികസനമാണ് സംസ്ഥാനത്തു നടക്കുന്നത്. പുതിയ ട്രെയിനുകൾ, പുതിയ പാളങ്ങൾ, റെയിൽവേ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ, മേൽപ്പാലങ്ങൾ, പാത ഇരട്ടിപ്പ്... ഇതൊക്കെയായിരുന്നു വികസനത്തെക്കുറിച്ച് ഇതുവരെയുള്ള സങ്കല്പം. എന്നാൽ, അതിനും മീതെ സാദ്ധ്യതകളുണ്ടെന്നാണ് ഇപ്പോൾ റെയിൽവേ തെളിയിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് ഇരട്ടപ്പാത, നാഗർകോവിൽ വഴി മധുരയിലേക്ക് കൂടുതൽ യാത്രാസൗകര്യം. ചെന്നൈയിലേക്ക് പാലക്കാട് വഴിയും നാഗർകോവിൽ വഴിയും പുനലൂർ വഴിയും ട്രെയിനുകൾ...
കേരളത്തിനു പുറത്തേക്ക് പാലക്കാട് വഴി മാത്രമാണ് കവാടമെന്നതു മാറി, മംഗലാപുരം, പുനലൂർ, നാഗർകോവിൽ എന്നിങ്ങനെ നാലു കവാടങ്ങൾ. എ.ബി.എസ് സിഗ്നൽ നവീകരണത്തിലൂടെ അതിവേഗ ട്രെയിൻ യാത്ര, കൃത്യതയോടെയുള്ള സർവീസുകൾ. ചെറുയാത്രകൾക്ക് മെമു, അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഷനുകൾ, വന്ദേഭാരത് പോലെ സാധാരണക്കാർക്കും ഇടത്തരക്കാർക്കും ആശ്രയിക്കാവുന്ന അതിവേഗ ട്രെയിനുകൾ. മൊബൈലിലൂടെ അനായാസം ടിക്കറ്റ് ബുക്കിംഗും ക്യാൻസലേഷനുമുള്ള സൗകര്യങ്ങൾ... ഈ മാറ്റങ്ങൾക്കു പിന്നിലെ അമരക്കാരിൽ ഒരാളാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ഡോ. മനീഷ് തപ്ള്യാൻ. ജനങ്ങളുടെ ആഗ്രഹങ്ങൾക്കൊത്ത് വികസനത്തിന് സ്റ്റിയറിംഗ് പിടിക്കണമെന്ന് ആഗ്രഹിക്കുന്ന ദീർഘദർശി. അദ്ദേഹവുമായുള്ള സംഭാഷണത്തിൽ നിന്ന്.
? വികസന സങ്കല്പം മാറുകയാണല്ലോ.
രാജ്യത്ത് ആധുനിക സൗകര്യങ്ങളുള്ള, അതിവേഗതയുള്ള യാത്രാസംവിധാനമായി റെയിൽവേ മാറുകയാണ്. അതിന് അനുസൃതമായ വികസന പദ്ധതികൾ കേരളത്തിലും നടപ്പാക്കിവരുന്നു. യാത്രക്കാരുടെ സൗക്യത്തിനാണ് മുൻഗണന. പ്രഖ്യാപനങ്ങളെക്കാൾ ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന വികസന കാഴ്ചപ്പാടാണുള്ളത്. സിഗ്നൽ നവീകരണം, ട്രെയിനുകളുടെ വേഗത, സമയനിഷ്ഠ തുടങ്ങിയ ഹ്രസ്വകാല പദ്ധതികൾ, സ്റ്റേഷൻ നവീകരണം, മേൽപ്പാലങ്ങൾ എന്നിവ പോലെ അൽപം സമയക്കൂടുതലെടുത്ത് പൂർത്തിയാക്കുന്ന പദ്ധതികൾ, പാത ഇരട്ടിപ്പിക്കൽ, പുതിയ പാതകളുടെ നിർമ്മാണം പോലുള്ള ദീർഘകാല പദ്ധതികൾ എന്നിങ്ങനെ തിരിച്ചാണ് വികസന നിർവഹണം.
? പുതിയ ട്രെയിനുകൾ.
യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ചാണ് പുതിയ ട്രെയിനുകൾ അനുവദിക്കുന്നത്. നിലവിലെ ട്രെയിനുകളിൽ വെയിറ്റിംഗ് ലിസ്റ്റ് പരിധിയിൽ കൂടുതലാകുമ്പോഴാണ് ആ ഡാറ്റ വിശകലനം ചെയ്ത് അത്തരം റൂട്ടുകളിൽ പുതിയ ട്രെയിൻ അനുവദിക്കുന്നത്. ആദ്യം സ്പെഷ്യൽ ട്രെയിനുകളും പിന്നീട് റഗുലർ ട്രെയിനും എന്നതാണ് രീതി. വേളാങ്കണ്ണി, ബംഗളൂരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും കൊല്ലം- എറണാകുളം റൂട്ടിലും സ്പെഷ്യൽ ട്രെയിനുകൾ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ബുക്കിംഗ് വരുന്ന റൂട്ടുകളിലേക്കാണ് സ്ഥിരം ട്രെയിനുകൾ.
ട്രെയിനുകൾ കൃത്യത പാലിക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ 156 കോടിയോളം ചെലവു വരുന്ന ഓട്ടോമാറ്റിക് ബ്ളോക്ക് സിഗ്നലിംഗ് (എ.ബി.സി) നടപ്പാക്കി വരികയാണ്. പദ്ധതിയുടെ കരാറെടുത്തിരിക്കുന്നത് കെ- റെയിലാണ്. ഇത് നടപ്പാകുന്നതോടെ രണ്ട് സ്റ്റേഷനുകൾക്കിടയിൽ ഒന്നിലേറെ ട്രെയിനുകൾക്ക് ഒരേദിശയിൽ സർവീസ് നടത്താനാകും. സിഗ്നലിൽ കാത്തുകിടക്കുന്ന സമയനഷ്ടം ഒഴിവാകും. നിലവിലെ പരിമിതികൾക്കുള്ളിൽ നിന്ന് ആകാവുന്നത്ര വളവുകൾ നികത്തി വേഗത കൂട്ടാൻ ശ്രമിക്കുന്നുണ്ട്. ഇവയെല്ലാം അടുത്ത മാർച്ചോടെ പൂർത്തിയാകും. എറണാകുളം - ഷൊർണൂർ റൂട്ടിലാണ് വളവുകൾ കൂടുതൽ.
? കേരളത്തിൽ ഡബിൾ ഡെക്കർ ട്രെയിൻ ഇല്ലല്ലോ.
അത്തരം ആവശ്യം ഇതുവരെ ഉയർന്നിട്ടില്ല. ചില സംസ്ഥാനങ്ങളിൽ നടത്തുന്നുണ്ട്. മേൽപ്പാലങ്ങളും തുരങ്കങ്ങളുമൊക്കെയാണ് കേരളത്തിലെ തടസം. അതൊന്നുമില്ലാത്ത റൂട്ടുകൾ നോക്കി മാത്രമേ ഡബിൾ ഡെക്കർ സർവീസ് നടപ്പാക്കാനാവൂ.
? പാത നിർമ്മാണം പതിയെയാണെന്ന് ആക്ഷേപമുണ്ടല്ലോ.
പ്രധാന തടസം ഭൂമി ഏറ്റെടുത്ത് വിട്ടുകിട്ടുന്നതാണ്. ഓരോ വർഷവും നിശ്ചിത ദൂരം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. സജീവമായുള്ളത് കന്യാകുമാരി - തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലാണ്. കായംകുളം- ആലപ്പുഴ - എറണാകുളം റൂട്ടിലും പണി നടക്കുന്നുണ്ട്.
? നേമം കോച്ചിംഗ് ടെർമിനൽ.
തിരുവനന്തപുരം ഡിവിഷനിലെ പ്രധാന വികസന പദ്ധതികളാണ് നേമം കോച്ചിംഗ് ടെർമിനലും, കാെല്ലം മെമു യാർഡും. നേമത്ത് രണ്ടു തരം വികസന പദ്ധതികളാണ് നടക്കുന്നത്. കന്യാകുമാരി - തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതികളും, പിറ്റ് ലൈനുകുളും സ്റ്റേഷൻ ബിൽഡിംഗും ഉൾപ്പെട്ട കോച്ചിംഗ് ടെർമിനൽ നിർമ്മാണവും. 2026 ഡിസംബറോടെ പൂർത്തിയാക്കണം. കൊല്ലം പദ്ധതിയിൽ ചില സാങ്കേതിക തടസങ്ങൾ പരിഹരിച്ചുവരുന്നു.
? വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്ന റെയിൽ ലൈൻ.
തുരങ്കപാതയാണ് വിഴിഞ്ഞത്തു നിന്ന് ബാലരാമപുരത്തേക്ക് നിർമ്മിക്കുന്നത്. അത് സംസ്ഥാന സർക്കാർ പദ്ധതിയാണ്. മെയിൻ റൂട്ടിലേക്ക് ഈ പാതയെ ബന്ധിപ്പിക്കുന്ന, ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് റെയിൽവേ ആയിരിക്കും. അതിന് നടപടികളായി.
? വന്ദേഭാരതിലെ ഭക്ഷണ നിലവാരം.
വന്ദേഭാരതിലെ ഭക്ഷണത്തെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിച്ചിട്ടില്ല. യാദൃച്ഛികമായി കൊച്ചിയിലെ ഒരു കാറ്ററിംഗ് കരാറുകാരെക്കുറിച്ച് ഉയർന്ന ആക്ഷേപത്തിൽ റെയിൽവേ നടപടിയെടുത്തു. നിലവിൽ ഒരേതരം ഭക്ഷണമാണ് നൽകുന്നത്. അതിനു പകരം ഓപ്ഷൻ നൽകുന്നത് പരിഗണനയിലുണ്ട്. ഇതിന് മൊബൈൽ ആപ്പ് ആവശ്യമാണ്. വൈകാതെ നടപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |