ആലപ്പുഴ : തീരദേശ പാതയിലെ മെമു യാത്രക്കാർക്ക് ആശ്വാസമായി പുതിയ റേക്കുകൾ ഉടനെത്തും. ബോഗികളുടെ എണ്ണം കൂട്ടാനായി റെയിൽവേ ബോർഡ് അനുവദിച്ച റേക്കുകളുടെ കമ്മിഷൻ നടപടികൾ ആരംഭിച്ചു. റേക്കുകളെത്തുന്നതോടെ യാത്രക്ലേശത്തിന് വലിയൊരളവിൽ പരിഹാരമാകും.
താംബരത്തെ മെമു വർക്ക് യാർഡിലാണ് കമ്മിഷനിംഗ് നടക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ റേക്കുകൾ തിരുവനന്തപുരത്ത് എത്തുമെന്ന് റെയിൽവേ മനേജർ, കെ.സി.വേണുഗോപാൽ എം.പിയ അറിയിച്ചു. കപൂർത്തല റെയിൽവേ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച റേക്കുകളാണ് കഴിഞ്ഞദിവസം താംബരത്തെത്തിയത്. തീരദേശ പാതയായ ആലപ്പുഴ വഴി മൂന്ന് മെമു ട്രെയിനുകളാണ് സർവീസ് നടത്തുന്നത്.നിലവിൽ 12 കോച്ചുകളാണുള്ളത്. നാലെണ്ണം കൂടി ചേർത്ത് 16 ആക്കുകയാണ് ലക്ഷ്യം.
കോച്ചുകൾ 16 ആകും
1.ദേശീയപാത നവീകരണം നടക്കുന്നതിനാൽ രണ്ട് ട്രെയിനിനുള്ള യാത്രക്കാരാണ് ഒരെണ്ണത്തിൽ യാത്രചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി എറണാകുളത്തേക്ക് പേകേണ്ടവർ മെമുവിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. രാവിലെ 7.25 പുറപ്പെടുന്ന ആലപ്പുഴ എറണാകുളം മെമുവിൽ വൻ തിരക്കാണ്
2.വൈകിട്ട് നാലു മണിക്കുള്ള എറണാകുളം ആലപ്പുഴ പാസഞ്ചറിന് പൊതുവെ തിരക്ക് കുറവാണ്. എന്നാൽ,6.25ന് പുറപ്പെടുന്ന എറണാകുളം കായംകുളം പാസഞ്ചറിന്റെ സ്ഥിതി അങ്ങനെയല്ല.വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിൽ യാത്ര ചെയ്യുന്നത്
3.മുമ്പ് ആറുമണിക്ക് പുറപ്പെട്ടിരുന്ന ട്രെയിൻ, വന്ദേഭാരത് കടന്നുപോകുന്നതിന് വേണ്ടി കുമ്പളത്ത് 30 മിനിറ്റിലധികം പിടിച്ചിടുമായിരുന്നു. പ്രതിഷേധമുയർന്നതോടെ 6.25ലേക്ക് മാറ്റിയെങ്കിലും അഞ്ചുമുതൽ 10 മിനിറ്റുവരെ ഇപ്പോഴും പിടിച്ചിടൽ തുടരുകയാണ്. 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ 9.30നാണ് എത്തുന്നത്
തീരദേശ പാതയിലെ യാത്രാദുരിതം റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ എന്നിവരുമായി പല ഘട്ടങ്ങളിലായി നടത്തിയ ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് മെമു കോച്ചുകളുടെ എണ്ണം ഉയർത്താൻ നടപടിയായത്
കെ.സി. വേണുഗോപാൽ എം.പി
മെമുവിന്റെ റേക്കുകൾ വർദ്ധിപ്പിക്കുന്നത് വലിയ ആശ്വാസമാണ്. ഒപ്പം
മറ്റ് ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ വർദ്ധിപ്പിക്കാൻ കൂടി നടപടി വേണം
വി.അരുൺകുമാർ, യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |