ഹൈദരാബാദ്: മദ്യലഹരിയിൽ റെയിൽവേ ട്രാക്കിലൂടെ കാറോടിച്ച യുവതിയെ പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ചേർന്ന് ഏറെ പണിപ്പെട്ട് പിടികൂടി. ഹൈദരാബാദിന് സമീപത്തെ ശങ്കർപള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ട്രാക്കിൽ നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ശങ്കർപള്ളിയിൽ റെയിൽവേട്രാക്കിലൂടെ ഒരു കാർ നല്ല വേഗതയിൽ ഓടിച്ചുപോകുന്നു എന്ന സന്ദേശം കിട്ടിയാണ് പൊലീസും റെയിൽവേ ഉദ്യാേഗസ്ഥരും സ്ഥലത്തെത്തിയത്. നിരവധി ട്രെയിനുകൾ വരുന്ന സമയമായിരുന്നു അത്. ഇത് കടുത്ത ആശങ്കയ്ക്കിടയാക്കി. പാഞ്ഞെത്തിയ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് കാർ നിറുത്തിച്ച് ട്രാക്കിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപ്പോഴാണ് കാർ ഓടിച്ചത് സ്ത്രീയാണെന്ന് വ്യക്തമായത്. ഇതിനിടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിറുത്തിവച്ചു. ഒടുവിൽ വഴിതടഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ കാർ നിറുത്തിക്കുകയായിരുന്നു. അതിനുശേഷം ട്രാക്കിൽ നിന്ന് കാർ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തിലിടിച്ചത്. അപകടത്തിൽ കാറിന് കാര്യമായ കേടുപാടുകളുണ്ട്.
പൊലീസ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് കാര്യമല്ലെന്നാണ് റിപ്പോർട്ട്. കെട്ടുവിട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ലെന്നാണ് യുവതി പറയുന്നത്. മദ്യലഹരിയിൽ അപകടകരമായി കാർ ഓടിച്ചതിനും റെയിൽവേ ട്രാക്കിൽ അതിക്രമിച്ചുകയറി സർവീസുകൾ തടസപ്പെടുത്തിയതിനും വസ്തുവകൾക്ക് നാശംവരുത്തിയതിനും യുവതിക്കെതിരെ കേസെടുക്കുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |