ശ്രീനാരായണ പ്രസ്ഥാനത്തെ വളർത്തിയെടുക്കാൻ അഹോരാത്രം പ്രവർത്തിച്ച മൂന്നു മഹാരഥന്മാരുടെ ദേഹവിയോഗം ഇരിങ്ങാലക്കുടയിലെ ശ്രീനാരായണ പ്രസ്ഥാനത്തെ അനാഥമാക്കിയിരിക്കുന്നു. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ, സംഘടന കൊണ്ട് ശക്തരാകുവിൻ, വ്യവസായം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുവിൻ എന്നീ മൂന്ന് ശ്രീനാരായണ സന്ദേശങ്ങളെ പ്രാവർത്തികമാക്കി ധന്യജീവിതം നയിച്ചവരായിരുന്നു മൂന്നുപേരും- സി.ആർ. കേശവൻ വൈദ്യർ, കല്ലിങ്കപ്പുറം നാരായണൻ, കാട്ടിക്കുളം ഭരതൻ. ശ്രീനാരായണ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ നിസ്‌തുലമായ പങ്കാണ് മൂവരും വഹിച്ചിട്ടുള്ളത്. ഗുരുദേവന്റെ പരമഭക്തരും ശിവഗിരി മഠത്തിന്റെ ആത്മബന്ധുക്കളുമായിരുന്നു ഇവർ.
സി.ആർ. കേശവൻ വൈദ്യർ രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഗുരുദേവനെ നേരിൽ കാണാനും അനുഗ്രഹം വാങ്ങാനും സാധിച്ച വൈദ്യർ ഗുരുദേവഭക്തൻ, വ്യവസായി എന്നീ നിലകളിൽ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധി നേടിയിരുന്നു. കല്ലിങ്കപ്പുറം കെ.ആർ. നാരായണൻ നിര്യാതനായത് ഇക്കഴിഞ്ഞ മേയ് 30 നാണ്. കാട്ടിക്കുളം ഭരതനാകട്ടെ, ജൂൺ ആറിനും. ഗുരുദേവ പ്രസ്ഥാനത്തെ പടുത്തുയർത്തിയും, വ്യവസായത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച്, അതിലെ ലാഭം കൊണ്ട് പൊതുജനസേവ ചെയ്തും വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും ത്യാഗനിർഭരതയോടെ ജീവിക്കുവാൻ മൂവരും ഒരുപോലെ ശ്രദ്ധിച്ചു.
ഇരിങ്ങാലക്കുട കടുപ്പുശ്ശേരി കല്ലിങ്കപ്പുറം വീട്ടിൽ രാമൻ - ചീരു ദമ്പതികളുടെ ആറാമത്തെ മകനായി നാരായണൻ ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം ദുബായിൽ സിറ്റി ബാങ്കിൽ ഉദ്യോഗം വഹിച്ചു. തുടർന്ന് സ്വദേശത്തെത്തിയ നാരായണൻ, ഗുരുദേവ സന്ദേശ പ്രചാരണത്തിൽ മുഴുകി. മുകുന്ദപുരം എസ്.എൻ.ഡി.പി യൂണിയന്റെ കൗൺസിലറായും എസ്.എൻ.ഡി.പി യോഗം ഡയറക്ടറായും മഹത്തായ സംഭാവനകൾ ചെയ്തു. ഞാൻ കൊറ്റനല്ലൂർ ശ്രീ ശിവഗിരി ബ്രഹ്മാനന്ദാലയത്തിന്റെ കാര്യദർശിയായി എത്തുന്ന കാലം. ആശ്രമവും സ്വത്തുക്കളും മിച്ചഭൂമിയായി പ്രഖ്യാപിച്ചതിന്റെ പേരിൽ കേസ് നടക്കുമ്പോൾ, നിയമപ്രകാരം സ്വത്തുക്കൾ ശിവഗിരി മഠത്തിന്റെ ഭാഗമെന്നു സ്ഥാപിച്ചെടുക്കാൻ എന്നോടൊപ്പം അടുത്തു പ്രവർത്തിക്കുവാൻ അദ്ദേഹം തയ്യാറായി.
അറിയുന്നവരിലെല്ലാം സ്നേഹവും ആദരവും സൃഷ്ടിക്കുന്ന പ്രകൃതമായിരുന്നു കാട്ടിക്കുളം ഭരതന്റേത്. എളിമയാർന്ന ജീവിതത്തിൽ നിന്ന് എങ്ങനെ ഉന്നതങ്ങളിലേക്ക് ചവിട്ടിക്കയറാമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു തയ്യൽക്കാരനായിട്ടായിരുന്നു തുടക്കം. മുംബയിൽ നിന്ന് സമാരംഭിച്ച് പോണ്ടിച്ചേരിയിൽ എത്തി. ദൈവാനുഗ്രഹം അവിടെനിന്ന് കാട്ടിക്കുളം ഭരതനെ എത്തിച്ചത് പരിഷ്കാരങ്ങളുടെ പറുദീസയായ പാരീസിലാണ്. ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തിക്കൊണ്ട് വസ്ത്രങ്ങൾ നെയ്‌തെടുക്കാൻ അസാധാരണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പാരീസിലെ നിരവധി പ്രമുഖ വ്യക്തികളെ അടുത്തു പരിചയപ്പെടുവാനും അവരിൽ പലരെയും ബിസിനസ് പങ്കാളികളാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. കാട്ടിക്കുളത്തിന്റെ വളർച്ചയിൽ ശക്തിചൈതന്യമായി സുധാ ഭരതനും ഉണ്ടായിരുന്നു.
1990-കളിലാണ് ഭരതൻ ഇരിങ്ങാലക്കുടയിലെത്തിയത്. സമ്പാദിച്ച തുകയിൽ നല്ലൊരു ഭാഗം ആതുര ശുശ്രൂഷയ്ക്കും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം നീക്കിവച്ചു. വിദ്യകൊണ്ട് സ്വന്തന്ത്രരാകുവിൻ എന്ന ദിവ്യോപദേശം ഹൃദയത്തിൽ സ്വീകരിച്ച അദ്ദേഹം തന്റെ പ്രവർത്തനം വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ചുവിട്ടു. നാല് സ്കൂളുകളുടെ ഉടമസ്ഥനായി. കാരളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കാരളം എ.എൽ.പി സ്കൂൾ, ചന്തല്ലൂർ ജനത യു.പി സ്കൂൾ പോകോത്ര എ.എൻ.പി സ്കൂൾ എന്നിവയാണവ.
ശിവഗിരി മഠവുമായി വളരെ അടുത്ത ആത്മബന്ധം അദ്ദേഹം പുലർത്തി. കുടുംബസമേതം പലപ്പോഴും ശിവഗിരിയിലെത്തി താമസിച്ച് ഗുരുപൂജ ചെയ്ത് അനുഗൃഹീതനായി. ശിവഗിരി മഠത്തിന്റെ ഭാഗമായ കൊറ്റനല്ലൂർ ശിവഗിരി ബ്രഹ്മാനന്ദാലയം, ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ഗുരുചൈതന്യമഠം എന്നീ സ്ഥാപനങ്ങൾക്ക് കൈയയച്ച് സംഭാവനകൾ നൽകി. ഗീതാനന്ദ സ്വാമികൾ രചിച്ച ഭഗവാൻ ശ്രീനാരായണ ഗുരു എന്ന ജീവിതചരിത്ര ഗ്രന്ഥത്തിന്റെ മുഴുവൻ പ്രസാധന ചെലവും വഹിച്ചത് കാട്ടിക്കുളം ഭരതനാണ്. ഗുരുദേവ സന്ദേശ പ്രചാരണം ഒരു ജീവിതവ്രതമാക്കി കാട്ടിക്കുളം ഭരതൻ ഗുരുദേവ സേവ ചെയ്തു.
കാട്ടിക്കുളം ഭരതൻ ആരോടും ക്ഷോഭിച്ചു കണ്ടിട്ടില്ല. വിനയത്തോടു കൂടിയ പെരുമാറ്റവും വാക്കുകളും സ്നേഹനിർഭരമായ ചര്യകളും അദ്ദേഹത്തിന് ജന്മസിദ്ധമായിരുന്നു. തന്റെ സ്കൂളിലെ കുട്ടികൾക്ക് ഗുരുദേവൻ വിഭാവനം ചെയ്ത വിദ്യാഭ്യാസ സമ്പ്രദായത്തെയും പെരുമാറ്റച്ചട്ടത്തെയും കുറിച്ച് പ്രഭാഷണങ്ങൾ നടത്തുന്നതിനുവേണ്ടി അദ്ദേഹം പലപ്പോഴും എന്നെ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിനും, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ വളർച്ചയ്ക്കും വേണ്ടി അനൽപ്പമായ സംഭാവനകൾ ചെയ്ത കാട്ടിക്കുളം ഭരതന്റെ ഓർമ്മകൾ എക്കാലവും നിലകൊള്ളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |