മലപ്പുറം: നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പരസ്പരം പഴി ചാരി മുന്നണികൾ. ഉപതിരഞ്ഞെടുപ്പിൽ മലയോര ജനതകളുടെ വിഷയമടക്കം ഉയർത്തിയാണ് വാദപ്രതിവാദം.
അപകടത്തിന് കാരണം പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് വഴിക്കടവ് പഞ്ചായത്ത് ഓഫീസിലേക്കും,, കെ.എസ്.ഇ.ബിയുടെ വീഴ്ചയാണെന്നാരോപിച്ച് യു.ഡി.എഫ് കെ.എസ്.ഇ.ബി ഓഫീസിലേക്കും മാർച്ച് സംഘടിപ്പിച്ചു. മലയോര ജനതയെ വഞ്ചിക്കുകയാണ് എൽ.ഡി.എഫും യു.ഡി.എഫുമെന്നും ആരോപിച്ച് ബി.ജെ.പി നിലമ്പൂർ വനം വകുപ്പ് ഓഫീസിന് മുന്നിലും പ്രതിഷേധിച്ചു.
ഇലക്‌ട്രിക് കെണികൾ പലയിടത്തും സ്ഥാപിച്ചത് സംബന്ധിച്ച പരാതി ലഭിച്ചിട്ടും അന്വേഷിക്കാൻ തയ്യാറാകാത്തത് വനം വകുപ്പിന്റെയും, ഇലക്‌ട്രിസിറ്റി ബോർഡിന്റെയും
ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചു. പന്നികളെ കൊല്ലാനുള്ള അനുമതി പഞ്ചായത്ത് നൽകിയാലും പണം നൽകാതെ സർക്കാർ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് കിട്ടിയ അവസരം മുതലെടുത്ത് പ്രതിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മരണത്തിൽ ഗൂഢാലോചന നടന്നെന്ന് പറഞ്ഞിട്ടില്ല. ഒറ്റപ്പെടുത്തി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചനയുണ്ടെന്ന എ.കെ.ശശീന്ദ്രന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു.
നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ കൊല്ലാനുള്ള അധികാരങ്ങളൊക്കെ സംസ്ഥാന സർക്കാരിന് നൽകിയിട്ടും അവ ഉപയോഗിക്കുന്നില്ലെന്നും യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്ത് പന്നിയെ വെടിവയ്ക്കുന്നവർക്ക് പണം നൽകുന്നില്ലെന്നും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |