മംഗളുരു: കടലിൽ തീപിടിച്ച കപ്പലിൽ നിന്നും പരിക്കുകളോടെ രക്ഷപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്കാൻ മംഗളുരു തുറമുഖത്തിൽ അധികൃതർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആംബുലൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. തുറമുഖത്ത് നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയാണ് മംഗളുരു എ.ജെ.ആശുപത്രി. ഒമ്പത് കിലോമീറ്റർ ദൂരെയാണ് ജ്യോതി സർക്കിളിലെ കെ.എം. സി ആശുപത്രി. രാത്രി ഒമ്പത് മണി വരെയും ഇതിൽ ഏത് ആശുപത്രിയിലാണ് എത്തിക്കുക എന്ന വിവരം തുറമുഖ വകുപ്പ് അധികൃതർ പുറത്തുവിട്ടിരുന്നില്ല.
മംഗളൂരുവിൽ നിന്നു രക്ഷാപ്രവർത്തനത്തിനു പോയിരുന്ന കപ്പലിൽ ഡോക്ടർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നുവെന്ന് അഴീക്കൽ പോർട്ട് ഓഫിസർ അരുൺ കുമാർ പറഞ്ഞു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ബേപ്പൂർ തുറമുഖം ചെറുതായതിനാൽ കപ്പൽ അടുപ്പിക്കാൻ കഴിയുമായിരുന്നില്ല.ബേപ്പൂരിലും അഴീക്കൽ പോർട്ടിലും കപ്പൽ ചാലുകൾക്ക് ആഴം കുറവാണ്. കടലിൽ ഏറെ അകലെ നങ്കൂരമിട്ട ശേഷം ചെറു ബോട്ടുകളിൽ വേണം പരിക്കേറ്റവരെ കരക്ക് എത്തിക്കാൻ. ഇതിനായി ഏറെ സമയം നഷ്ടപ്പെടുമെന്നതിനാലാണ് കൂടുതൽ സൗകര്യമുള്ള മംഗളുരു തുറമുഖത്തേക്ക് കപ്പൽ തിരിച്ചു വിട്ടത്. അപകട സ്ഥലത്തുനിന്നു മംഗളുരുവിലെത്താൻ ഏകദേശം 5 മണിക്കൂർ വേണ്ടി വന്നു.
ചരക്കുകപ്പൽ അപകടത്തിൽ പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്തി മംഗളുരുവിൽ എത്തിച്ച 18 ജീവനക്കാരിൽ എട്ട് പേർ ചൈനക്കാരും നാല് പേർ തായ്വാൻ സ്വദേശികളുമാണ്.നാല് ബർമ്മ സ്വദേശികളും രണ്ട് ഇന്ത്യോനേഷ്യക്കാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. അഞ്ച് കിലോമീറ്റർ അകലെയുള്ള എ.ജെ. ആശുപത്രിയിലേക്കാണ് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |