കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ ഒന്നാംപ്രതി പട്ടികയിലുള്ള ‘മോണിക്ക’യെന്ന യുവതിയെ തിരക്കിപ്പോയ കൊച്ചി സിറ്റി പൊലീസിന്റെ അന്വേഷണം ചെന്നെത്തിയത് മലപ്പുറം സ്വദേശിയിൽ. മോണിക്ക, സന്ദീപ് എന്നീ വ്യാജപേരുകളിൽ കടവന്ത്ര എളംകുളം ഇന്ദിരാനഗർ സ്വദേശിയെ കബളിപ്പിച്ച് 22,04,360 രൂപ തട്ടിയെടുത്ത കേസിലാണ് മലപ്പുറം ചെപ്പങ്ങാടി പുള്ളിക്കൽവട്ടം വീട്ടിൽ അമീർഷാനെ (40) എറണാകുളം ടൗൺ സൗത്ത് പൊലീസ് അറസ്റ്റുചെയ്തത്.
ഓൺലൈൻ ട്രേഡിംഗിലൂടെ വൻതുക ലാഭം നേടിത്തരാമെന്ന് പറഞ്ഞാണ് വാട്സാപ്പിലൂടെ കടവന്ത്ര സ്വദേശിയെ മോണിക്കയെന്ന പേരിൽ തട്ടിപ്പുസംഘം ബന്ധപ്പെട്ടത്. 2024 മേയ് 17നും 22നുമിടെ പല തവണകളിലായി 22.43 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന് കൈമാറി. കടവന്ത്ര സ്വദേശിയുടെ പേരൂർക്കടയിലെയും കടവന്ത്രയിലെയും ബാങ്കുകളുടെ അക്കൗണ്ടുകൾ വഴിയാണ് പണംഅയച്ചത്. ഇതിനായി മോണിക്കയും സംഘവും ഇരുപതിലേറെ അക്കൗണ്ടുകൾ അയച്ചുകൊടുത്തു.
പണം കൈമാറിയ ശേഷം പ്രതികരണമൊന്നും ഇല്ലാതിരുന്നതിനെ തുടർന്ന് കടവന്ത്ര സ്വദേശി നൽകിയ പരാതിയിൽ സൗത്ത് പൊലീസ് 2024 ജൂണിൽ കേസെടുത്തിരുന്നു. മോണിക്കയെയും സന്ദീപിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്. തുടർന്ന് ഇൻസ്പെക്ടർ പി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്ത് നിന്ന് അമീർഷാനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |