മാന്നാർ : മദ്യപിച്ചെത്തി സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരികളെ കയറിപ്പിടിച്ച് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ജീവനക്കാരനെ റോഡിൽകൂടി വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ തലവടി വഞ്ചാരപ്പറമ്പിൽ ബൈജു(39) വിനെ റിമാൻഡ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകിട്ട് 5.30ന് മാന്നാർ തൃക്കുരട്ടി ജംഗ്ഷന് സമീപമുള്ള എൻ.ആർ.സി സൂപ്പർ മാർക്കറ്റിൽ ബ്ലീച്ചിംഗ് പൗഡർ അന്വേഷിച്ച് വന്ന ബൈജു കടക്കുള്ളിൽ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ട് വനിതാ ജീവനക്കാരികളോട് അപമര്യാദയായി പെരുമാറി. ജീവനക്കാരികൾ ചോദ്യം ചെയ്തതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ സൂപ്പർമാർക്കറ്റ് മാനേജരായ ലിധിൻ ബൈക്കിന്റെ പിറകുവശത്ത് ബലമായി കയറിപ്പിടിച്ചെങ്കിലും യുവാവ് ബൈക്ക് അതിവേഗത്തിൽ ഓടിച്ചു പോയി. ബൈക്കിൽ നിന്നും പിടിവിടാതെ കിടന്ന ലിധിനെ 50 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയെങ്കിലും തൃക്കുരട്ടി ജംഗ്ഷന് മുമ്പുള്ള ഹംപിൽ ബൈക്കിന്റെ വേഗം കുറഞ്ഞപ്പോൾ ലിധിൻ ചാടി എഴുന്നേറ്റ് ബൈക്കിന്റെ താക്കോൽ കൈക്കലാക്കി പ്രതിയെ പിടികൂടി. തുടർന്ന് മറ്റ് ജീവനക്കാർ എത്തി പ്രതിയെ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. മാന്നാർ പൊലിസ് സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും മൊഴികൾ രേഖപ്പെടുത്തി. പ്രതിക്കെതിരെ സ്ത്രീകളുടെ മാന്യതയെ ഹനിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |